എൻ ഡി.എയുടെ നേതൃത്വത്തിൽ ഇന്നുമുതൽ ഈ മാസം പതിമ്മൂന്ന് വരെ ശബരിമല സംരക്ഷണ രഥയാത്ര നടക്കുകയാണ്. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് യാത്ര. എക്കാലത്തും കാലാനുസൃതമായി നവീകരിക്കപ്പെട്ട മതമാണ് ഹിന്ദുമതം. ആചാരങ്ങൾ ഒട്ടേറെ മാറ്റപ്പെട്ടിട്ടുണ്ട്.
ശബരിമല യുവതി പ്രവേശനത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് , ജനകോടികൾ പിന്തുടരുന്ന നിർദോഷമായ ആചാരാനുഷ്ഠാനങ്ങൾ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ്. സവർണാവർണ ഭേദം പറഞ്ഞ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങളായേ ഇതിനെ കണക്കാക്കാനാവൂ. ഹൈന്ദവരെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ അടിമകളാക്കി നിലനിറുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിച്ചേ തീരൂ.
ശബരിമലയെ തകർക്കാനുള്ള ഏത് നീക്കത്തെയും ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി എതിരിടണം. എൻ.ഡി.എയുടെ യാത്ര അതിനു വേണ്ടിയുള്ളതാണ്. ശബരിമല യുവതി പ്രവേശന വിധി നൂറ്റാണ്ടുകളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ്. ശബരിമലയിലെ നിയന്ത്രണങ്ങൾ ഒരു സംസ്കാരിക തനിമയായി അംഗീകരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. മറ്റ് മതങ്ങളിലും നിർദോഷവും അല്ലാത്തതുമായ ഭരണഘടനാനുസൃതമല്ലാത്ത നിരവധി ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇവയൊക്കെ സ്വാർത്ഥ താത്പര്യക്കാർ നിയമയുദ്ധത്തിലേക്ക് കൊണ്ടുപോയാൽ നാട്ടിൽ സ്വൈര്യജീവിതം തന്നെ ഇല്ലാതാകും.
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഹിന്ദുമതത്തിൽ എണ്ണിയാലൊടുങ്ങാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അതിലെ അനാചാരങ്ങളെ നിരോധനത്തിലൂടെയും അല്ലാതെയും തള്ളിക്കളഞ്ഞവരാണ് ഈ സമൂഹം. ശബരിമല യുവതീപ്രവേശന പ്രശ്നം ചർച്ച ചെയ്യാൻ ഉടൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഇരുമുന്നണികളും ഒത്തുകളിച്ച് അട്ടിമറിക്കുകയാണ്.
കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതി അബ്ദുൾ നാസർ മഅ്ദനിയുടെ ജയിൽമോചനത്തിനായി ഭരണപ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച സംസ്ഥാനമാണിത്. എന്നിട്ടും കേരളത്തെ ഒന്നാകെ ബാധിക്കുന്ന അതീവ ഗുരുതരമായ ശബരിമല പ്രശ്നം ജനകീയ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്ത നിലപാട് തരംതാണ രാഷ്ട്രീയക്കളിയാണെന്നേ പറയാനാവൂ. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെയും കേരളത്തിലെ സകലമേഖലകളെയും ബാധിക്കുന്ന സങ്കീർണമായ ഈ പ്രശ്നം സാധാരണ തൊഴിൽത്തർക്കം പോലെ ലാഘവത്തോടെയും വാശിയോടെയുമാണ് സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്നത്. നൂറ്റാണ്ടുകളായി അനുവർത്തിച്ചിരുന്ന ആചാരങ്ങൾ ഇരുട്ടിവെളുക്കുമ്പോൾ മാറണമെന്ന കടുംപിടുത്തം നല്ലതല്ല. അവധാനതയോടെ ബന്ധപ്പെട്ട എല്ലാവരെയും വിളിച്ച് ചർച്ചകൾ നടത്താൻ ബാദ്ധ്യതയുള്ളവരാണ് ഭരണാധികാരികൾ.
പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല കേരളത്തിലുള്ളത്. സുപ്രീംകോടതി വിധി ജനാധിപത്യ രാജ്യത്ത് അന്തിമവാക്കും അല്ല. കോടതി വിധികളെ എങ്ങിനെയാണ് ഈ സർക്കാരുൾപ്പെടെയുള്ളവർ പണ്ടും ഇപ്പോഴും കൈകാര്യം ചെയ്യുന്നതെന്നും ചെയ്തതെന്നും നമുക്കറിയാം. ശബരിമല ദക്ഷിണ ഭാരതത്തെ ആകെ ബാധിക്കുന്ന വിഷയമാണെന്നു മനസിലാക്കി അതേ പ്രാധാന്യത്തോടെ വേണം വിഷയത്തെ അഭിമുഖീകരിക്കേണ്ടത്. ബഹുഭൂരിപക്ഷം ഹൈന്ദവവിശ്വാസികൾക്കും വേദനയുണ്ടാക്കുന്ന ശബരിമല പ്രശ്നത്തെ രമ്യമായി പരിഹരിക്കുന്നതിനു പകരം വൈരാഗ്യബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് അവിവേകമാണ്. കടുംപിടുത്തം മൂലം സന്നിധാനത്ത് എന്തെങ്കിലും അനിഷ്ടങ്ങളുണ്ടാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും.
ഒരു നൂറ്റാണ്ടോളം നീണ്ട സഭാ നിയമയുദ്ധത്തിനൊടുവിൽ പിറവം സെന്റ് മേരീസ് പള്ളി ഓർത്തോഡക്സ് വിഭാഗക്കാർക്ക് ലഭിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ മടിക്കുന്ന സംസ്ഥാന സർക്കാർ പറയുന്ന ന്യായങ്ങളൊക്കെ ശബരിമല കേസിലും അവലംബിക്കാവുന്നതേയുള്ളൂ. ശബരിമലയോളം ക്രമസമാധാന പ്രശ്നമൊന്നും പിറവത്ത് ഒരിക്കലുമുണ്ടാകാനിടയില്ല. അവിടെ കാണിക്കുന്ന ഭരണതന്ത്രജ്ഞത ശബരിമലയിൽ അന്യമാകുമ്പോൾ ആരും സംശയിച്ചുപോകും.
വെല്ലുവിളികളും ബലപ്രയോഗവും ജനാധിപത്യസംവിധാനങ്ങൾക്ക് ഭൂഷണമല്ല. എത്രയും വേഗം നിയമസഭ വിളിച്ചുകൂട്ടുകയും ഒപ്പം മറ്റ് സമവായ നീക്കങ്ങൾ നടത്തുകയും ചെയ്യുകയാണ് വേണ്ടത്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന എൻ.ഡി.എയെ അധിക്ഷേപിക്കുന്നവർ മുസ്ളിംലീഗിനേയും കേരളാ കോൺഗ്രസിനെയും ഐ.എൻ.എൽ അടക്കമുള്ളവരെയും ഇടതും വലതും നിറുത്തിയാണ് പ്രവർത്തിക്കുന്നത്. തരാതരം പോലെ ജാതിമതശക്തികളെ ഉപയോഗിക്കുന്നവരാണ് ഇപ്പോൾ മതേതരത്വവും പുരോഗമനവും പറയുന്നത്. ഇക്കൂട്ടരുടെ ദുഷ്പ്രചാരണങ്ങൾ ഇനി വിജയിക്കില്ല. ജാതിക്കും മതത്തിനും അതീതമായി വിശ്വാസികളുടെ പിന്തുണ വേണം. ഇപ്പോൾ ഹിന്ദുക്കൾക്കെതിരെയാണെങ്കിൽ നാളെ മതന്യൂനപക്ഷങ്ങളിലെ വിശ്വാസികൾക്കെതിരെയാകും അവിശ്വാസികൾ വാളോങ്ങുക.
ഹൈന്ദവ സമൂഹത്തിന്റെ വൈവിദ്ധ്യമാർന്ന ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും മുറിവേൽപ്പിക്കുന്ന സമീപനത്തിൽ നിന്നു ഭരണകൂടം പിൻമാറണം. ശത്രുതാ മനോഭാവം വെടിയണം. തങ്ങളുടെ വിശ്വാസത്തെയും, ഭക്തിയെയും സംബന്ധിച്ച് എന്ത് തീരുമാനം എടുക്കാനും സ്ത്രീ സമൂഹത്തിന് അവകാശവും, അധികാരവുമുണ്ട്. കാനന ക്ഷേത്രമായ ശബരിമലയിൽ എത്താൻ 41 ദിവസത്തെ കഠിനവ്രതം മാത്രം പോരാ, ശബരീശന്റെ അനുഗ്രഹവും, പാദബലവും, മനോബലവും വേണം. ഭരണകൂടത്തിന്റെ കളിപ്പാവയായി ദേവസ്വംബോർഡ് മാറി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റും അംഗങ്ങളും രാജിവച്ച് ഒഴിയണം. ഏറെ ദു:ഖിപ്പിക്കുന്ന സംഭവമാണ് പന്തളം സ്വദേശി ശിവദാസൻ ആചാരിയുടെ പമ്പയിലെ മരണം. ഈ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാരും, ദേവസ്വം ബോർഡും ഉടൻ ധനസഹായം നൽകണം.
ഹരിയാനയിൽ ട്രെയിനിലെ സീറ്റ് തർക്കത്തിൽ മരിച്ച ജുനൈദിന്റെ കുടുംബത്തിന് അവിടെയെത്തി ധനസഹായം നൽകിയവർ ഈ നാട്ടിൽ ഉണ്ടായ സംഭവം കണ്ടില്ലെന്ന് നടിക്കരുത്. പുൽമേട്ടിൽ മരിച്ച അയ്യപ്പമാരുടെയും, പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെയും കുടുംബങ്ങൾക്ക് ഇനിയും സഹായം നൽകിയോ എന്ന് ചിന്തിക്കണം. ഇത്തരം വിവേചനങ്ങൾ തുറന്ന് പറയുമ്പോൾ എന്നെ വിജിലൻസ് കേസിൽ കുടുക്കി തളർത്താമെന്ന് കരുതരുത്. സമരങ്ങളുടെ സിന്ദൂരമാല ചാർത്തിയ ആലപ്പുഴയുടെ മണ്ണിൽ ജനിച്ചു വളർന്ന് പാടത്തും, പറമ്പിലും പണിശാലയിലും പണിയെടുക്കുന്ന പാവപ്പെട്ടവന്റെ ഹൃദയതാളത്തിനൊപ്പം ചേർന്ന് നിന്നും ഉണ്ടും, ഉറങ്ങിയും സംഘടനാ പ്രവർത്തനം നടത്തി വന്നതാണ് എന്റെ ജീവിത സപര്യ.
സാമൂഹ്യനീതി നടപ്പാക്കാൻ ആദിവാസി മുതൽ നമ്പൂതിരി വരെയുള്ള സമൂഹത്തിന്റെ ഐക്യത്തിനായി പോരാട്ടം തുടരുക തന്നെ ചെയ്യും. ഹിന്ദു ഐക്യം തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഇന്ന് വിശുദ്ധമായ പൂങ്കാവനം അശുദ്ധമാക്കാൻ അവിശ്വാസികൾ നടത്തുന്ന പ്രയത്നം ചെറുത്ത് തോൽപ്പിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണ്. അടിയന്തരാവസ്ഥയുടെ കിരാത നാളുകൾ ഓർമ്മപ്പെടുത്തുന്ന കാര്യങ്ങൾ ഇന്ന് നാട്ടിലുണ്ടാകുന്നു. അറസ്റ്റിലൂടെയും ജയിൽ നിറച്ചും ഹിന്ദുക്കളുടെ ജനമുന്നേറ്റത്തെ തകർക്കാൻ, തളർത്താൻ, പിളർത്താൻ ഒരു ശക്തിക്കും കഴിയില്ല. ഹിന്ദുവേട്ടയ്ക്ക് അറുതി വരുത്താനും, ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനും പ്രധാനമന്ത്രിയെയും, ബി.ജെ.പി ദേശീയ പ്രസിഡന്റിനെയും കാണുകയും ചെയ്യും. ഇതൊരു ധർമ്മസമരമാണ്. നൂറ്റാണ്ടുകളായി ആവർത്തിച്ചു വരുന്ന വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ, ദേശാഭിമാന ബോധവും, ജനാധിപത്യ ബോധമുള്ള മുഴുവൻ സജ്ജനങ്ങളും രംഗത്ത് ഇറങ്ങാൻ അഭ്യർത്ഥിക്കുന്നു. സ്വാമിശരണം.
(ലേഖകൻ ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും
എൻ.ഡി.എ കേരളഘടകം കൺവീനറുമാണ് )