kishore
സന്തോഷ് അച്ചത് പരിപാടി അവതരിപ്പിക്കുന്നു

മി​ണ്ടുന്ന പാവയുമായി​ സദസി​നെ രസി​പ്പി​ക്കുന്ന ലോകബാങ്ക് പ്രോജക്ട് ഓഫീസർ

കൊച്ചി: സദസിലിരിക്കുന്നവരോട് സംസാരിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന പാവ. മലയാളി അപൂർവ്വമായി മാത്രം കാണുന്ന വെൻട്രിലോക്കിസം എന്ന കല കൊച്ചിക്കാർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് തൃശൂർ സ്വദേശിയും വേൾഡ് ബാങ്ക് പ്രോജക്ട് ഇവാലുവേഷൻ സ്പെഷ്യലിസ്റ്റുമായ സത്യൻ അച്ചത്. എറണാകുളം ടി.ഡി.എം ഹാളിൽ വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് ഷോ.

ഉന്നത വിദ്യാഭ്യാസം നേടി ലോകബാങ്കിൽ ജോലി നേടിയിട്ടും തന്റെ ഇഷ്ടങ്ങളെ പിന്തുടരുകയാണ് സത്യൻ അച്ചത്. കുട്ടിക്കാലത്ത് കാർട്ടൂൺ വരച്ചായിരുന്നു തുടക്കം. കോളേജ് വിദ്യാഭ്യാസം വരെ തൃശൂരിൽ തന്നെയായിരുന്നു സത്യന്റെ ജീവിതം. അക്കാലത്ത് പിതാവ് സി.കെ മേനോനിൽ നിന്ന് വിരലുകളാൽ നിഴൽച്ചിത്രം സൃഷ്ടിക്കുന്ന വിദ്യ സത്യൻ പഠിച്ചെടുത്തു. വിദ്യാഭ്യാസത്തെയും കൂടെക്കൂട്ടാൻ അദ്ദേഹം മറന്നില്ല.

എം.എ കഴിഞ്ഞ് സ്റ്റേറ്റ് ബാങ്കിൽ പ്രൊബേഷനറി ഓഫീസറായി. ശേഷം എൽ.ഐ.സിയിൽ അഡ്മിനിസ്ട്രേറ്റി​വ് ഓഫീസർ. 1980ൽ ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥനായി. 86ൽ ഫ്രാൻസിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുകയും 88 ൽ യു.എസിൽ എം.ബി.എ ചെയ്യുകയും ചെയ്തു. തുടർന്നാണ് വേൾഡ് ബാങ്കിൽ ജോലി നേടി വാഷിംഗ്ടൺ ഡി.സിയിൽ ജീവിതം പറിച്ചുനട്ടത്. അവിടെ വച്ചാണ് മാജിക്കിലും വെൻട്രിലോക്കിസത്തിലും ആകൃഷ്ടനായത്.

മാജിക് പഠനത്തിന് ശേഷം സത്യനും ഭാര്യ യമുനയും ഒന്നിച്ചാണ് വെൻട്രിലോക്കിസം പഠിച്ചത്. ആറു മാസത്തിനകം അവതരിപ്പിക്കാൻ പ്രാപ്തനായി. തബല, കീ ബോർഡ് തുടങ്ങി സംഗീതോപകരണങ്ങളും ഇൻസ്ട്രമെന്റ്സും ഇക്കാലയളവിൽ പഠിച്ചെടുത്തു. മാജിക്കും ഹാൻഡ് ഷാഡോയും വെൻട്രിലോക്കിസവും ചേർത്ത് ഒന്നര മണിക്കൂറോളം നീളുന്ന ഷോ അദ്ദേഹത്തിന്റെ മാസ്റ്റർ പീസായി​. സഹായിയായി ഭാര്യയും. അമേരിക്കയിലെ പ്രശസ്തമായ ടി.വി ഷോ അമേരിക്ക ഗോട്ട് ദ് ടാലന്റിൽ ഫൈനലിസ്റ്റായിരുന്നു സത്യൻ. ലോകത്തിലെ പലയിടങ്ങളിലും തന്റെ കഴിവ് പ്രദർശിപ്പിക്കാൻ അദ്ദേഹത്തിനായി.

മൂന്ന് വർഷം മുമ്പ് ഭാര്യയുടെ മരണത്തിന് ശേഷം ഒറ്റപ്പെടൽ അനുഭവപ്പെട്ടപ്പോൾ തിരികെ തൃശൂരിലെ വീട്ടിലെത്തി. മകൾ മായ അമേരിക്കയിൽ എൻജിനി​യറാണ്. ലോകബാങ്കിന്റെ പ്രോജക്ട് ഓഫീസറായതു കൊണ്ട് കേരളത്തിലിരുന്ന് തന്റെ ജോലിയും കലാഭിനിവേശവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നതായി അദ്ദേഹം പറയുന്നു.

വെൻട്രിലോക്കിസം

സദസിലിരിക്കുന്നവരുടെ ചോദ്യങ്ങൾക്ക് തന്റെ പാവ കിഷോർ ഉത്തരം പറഞ്ഞാണ് പരിപാടി തുടങ്ങുകയെന്ന് സത്യൻ അച്ചത് പറയുന്നു.

കലാകാരന്റെ കൈയിലിരിക്കുന്ന പാവയുടെ സംസാരം മുൻകൂട്ടി റെക്കാഡ് ചെയ്യുന്നതാണെന്നാണ് പലപ്പോഴും കാഴ്ചക്കാരന് തോന്നുക. യഥാർത്ഥത്തി​ൽ കലാകാരൻ തന്നെയാണ് പാവയ്ക്ക് വേണ്ടി​ സംസാരി​ക്കുന്നത്.

ചുണ്ടുകൾ കൂട്ടിമുട്ടുന്ന അക്ഷരങ്ങൾക്ക് പകരം സമാനമായ മറ്റ് അക്ഷരം ഉച്ചരിച്ച് ചുണ്ടുകൾ ചലി​ക്കുന്നത് സമർത്ഥമായി​ ഒഴി​വാക്കും.

ഇംഗ്ളീഷ്, മലയാളം, ഹിന്ദി, ഫ്രഞ്ച് തുടങ്ങി പല ഭാഷകളിൽ 'കിഷോർ" സംസാരിക്കും.