ആലുവ: ആലുവയിൽ പുതിയ കോടതികൾ അനുവദിക്കുന്നതിന് മുന്നോടിയായി പുതിയ കോടതി സമുച്ചയം നിർമ്മിക്കും. നിലവിലുള്ള കോടതിയും ക്വാർട്ടേഴ്സും പ്രവർത്തിക്കുന്ന 85 സെന്റ് സ്ഥലത്ത് എൺപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും അഞ്ചുനിലയിൽ കോടതി സമുച്ചയം നിർമ്മിക്കുന്നത്. ഇതോടനുബന്ധിച്ച് മജിസ്ട്രേട്ടുമാർക്കായി ഫ്ളാറ്റ്മാതൃതയിൽ ക്വാർട്ടേഴ്സും നിർമ്മിക്കും. 12 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇതിന്റെ ഭാഗമായി ഇന്നലെ അൻവർ സാദത്ത് എം.എൽ.എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥല പരിശോധന നടത്തി. ആലുവ മുനിസിഫ് സിന്ധു തങ്കം, അസി.എക്സി.എൻജിനിയർ സൂജ സൂസൻ മാത്യു, ഡെപ്യൂട്ടി ആർക്കിടെക്ട് ചാന്ദിനി ഉണ്ണിക്കൃഷ്ണൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.പി. ജോൺസൺ, സെക്രട്ടറി സലിംകുമാർ, അഭിഭാഷകരായ പി.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.കെ. ജമാലുദ്ദീൻ, ഇസ്മയിൽ ഖാൻ, സ്മിത ഗോപി, പി.ബി. സുനീർ, എം.എ. വിനോദ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
. രണ്ടാഴ്ച്ചയ്ക്കകം രൂപരേഖ തയ്യാറാക്കും. കോടതി സമുച്ചയം നിർമ്മിക്കുന്നതിനായി നിലവിലുള്ള കെട്ടിടം പൊളിക്കേണ്ടി വരും. സമീപം പൊതുമരാമത്ത് വക സ്ഥലത്ത് കേരള ബുക്ക് ഡിപ്പോയുടെ ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് കോടതി മാറ്റാമെന്ന നിർദ്ദേശമാണുള്ളത്. ബുക്ക് ഡിപ്പോ രണ്ട് വർഷത്തോളമായി കാക്കനാട് ഗോഡൗൺ നിർമ്മിച്ചിട്ടും ആലുവയിൽ തന്നെ തുടരുകയാണ്. ബുക്ക് ഗോഡൗണുകൾ സ്വന്തം കെട്ടിടത്തിലേക്ക് മാറിയാൽ ഇവിടെ താത്കാലിക സൗകര്യമൊരുക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആലുവയിൽ കോടതികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും രണ്ട് മജിസ്ട്രേറ്റ് കോടതികളും ഒരു മുൻസിഫ് കോടതിയും മാത്രമാണുള്ളത്. കുടുംബകോടതി, സബ് കോടതി, എം.എ.സി.ടി കോടതി, സാമ്പത്തിക കുറ്റാന്വേഷണ കോടതി എന്നിവ സ്ഥാപിക്കണമെന്നാണ് ആവശ്യം. കുടുംബകോടതിക്ക് മുൻ സർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും തസ്തികകൾ നിശ്ചയിച്ചില്ല. ഈ സർക്കാരും നടപടിയെടുത്തില്ല.