mvpa-119
സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അദ്ധ്യാപകർക്കൊപ്പം

മൂവാറ്റുപുഴ: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ യോഗ്യത നേടുന്ന ജില്ലയിൽ നിന്നുള്ള ഏക പൊതു വിദ്യാലയമായി പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനെ തിരഞ്ഞെടുക്കപ്പെട്ടു. ആലുവയിൽ നടന്ന ജില്ലാതല ബാല ശാസ്ത്ര കോൺഗ്രസിലാണ് പേഴയ്ക്കാപ്പിള്ളി സ്‌കൂൾ വിജയികളായത്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും പരീക്ഷണതത്പരതയും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ പ്രവർത്തിക്കുന്ന ശാസ്ത്ര കൂട്ടുകാർ സയൻസ് ക്ലബ്ബിലെ അംഗങ്ങളായ നബീസ ഫർസാന പി.എസ്, അൻവൻ സാദിഖ് പി.എച്ച് എന്നിവർ ചേർന്നാണ് പ്രോജക്ട് അവതരിപ്പിച്ചത്. നൂതനവും പ്രകൃതി സൗഹൃദപരവുമായ രീതിയിൽ സസ്യങ്ങളിലെ പ്രകാശസംശ്ലേഷണ പ്രക്രിയയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് കുട്ടികൾ അവതരിപ്പിച്ചത്.

ശാസ്ത്രാദ്ധ്യാപികയായ സ്റ്റാലിനാ ഭായിയുടെ നേതൃത്വത്തിലാണ് കുട്ടികൾ പ്രോജക്ട് തയ്യാറാക്കിയത്. ജൂനിയർ വിഭാഗത്തിൽ നിന്ന് ഭവൻസ് ആദർശ് വിദ്യാലയം, നേവി ചിൽഡ്രൻസ് സ്‌കൂൾ എന്നിവയാണ് തിരെഞ്ഞെടുക്കപ്പെട്ട മറ്റ് സ്‌കൂളുകൾ. സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ് 15, 16 തീയതികളിൽ കോഴിക്കോട് നടക്കും.