പറവൂർ : ഡോ. സി.വി. രാമന്റെ 130--ാം ജന്മദിനത്തോടനുബന്ധിച്ച് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ 130 പരീക്ഷണങ്ങൾ നടത്തി. അഞ്ചുമുതൽ പത്താംക്ളാസ് വരെയുള്ള 130 വിദ്യാർത്ഥികളാണ് പരീക്ഷണങ്ങൾ ഓരേ സമയം സ്കൂൾഹാളിൽ നടത്തിയത്. ശാസ്ത്ര പരീക്ഷണങ്ങളുമായി നൂറിലധികം ചോദ്യങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ശാസ്ത്രരംഗത്തിന്റെ ഭാഗമായായിരുന്നു പരിപാടി. സ്കൂൾ മാനേജർ ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ആർ. ലത മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ സി.കെ. ബിജു, എൻ.എസ്. സുമ, ശ്രീകല, രസിന, പി.എസ്. രശ്മി എന്നിവർ നേതൃത്വം നൽകി. തുടർച്ചയായി ഏഴ് വർഷം സയൻസ് ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനം നേടിയ അദ്ധ്യാപകൻ വി.പി. അനൂപ്, ഈവർഷം ജില്ലാ ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സിൽ ഒന്നാം സ്ഥാനം നേടിയ പത്താം ക്ളാസ് വിദ്യാർത്ഥി സി.എ.ആകാശ്, അജിത്ത് ഗംഗ എന്നിവരെ അനുമോദിച്ചു.