കൊച്ചി : ശബരിമലയിൽ മാദ്ധ്യമങ്ങൾക്കോ യഥാർത്ഥ ഭക്തർക്കോ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. യുവതീ പ്രവേശനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധമുണ്ടെന്നും ഇതിനെതിരെ മുൻകരുതൽ എടുക്കണമെന്നും കേന്ദ്ര സർക്കാർ കത്ത് നൽകിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിരുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് ടി. നാരായണൻ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ പറയുന്നു. ശബരിമലയിലെ മാദ്ധ്യമ വിലക്കിനെതിരെ ജനം ടി.വി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു നൽകിയ ഹർജിയിലാണ് സ്റ്റേറ്റ്മെന്റ് നൽകിയത്.
യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നത് തടയാനാണ് നാമജപത്തിന്റെ പേരിൽ ചില മതമൗലികവാദ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്. ഒക്ടോബർ 16 മുതൽ 22 വരെ നടന്ന അതിക്രമ സംഭവങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും തകർത്തു.
ചിത്തിര ആട്ട വിശേഷത്തിനായി നവംബർ അഞ്ച്, ആറ് തീയതികളിൽ നട തുറക്കുമ്പോൾ സമാനമായ സംഭവങ്ങൾ അരങ്ങേറാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് മതിയായ നടപടി സ്വീകരിച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ദേവസ്വം ബോർഡിന് സ്വന്തമായി കാര്യങ്ങൾ നടത്താനാവുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരമൊരു നടപടി സ്വീകരിച്ചത് മാദ്ധ്യമ പ്രവർത്തകരുടെ കൂടി സുരക്ഷ മുൻനിറുത്തിയാണ്. വനിതാ മാദ്ധ്യമ പ്രവർത്തകരെയടക്കം പ്രതിഷേധക്കാർ മർദ്ദിച്ചിരുന്നെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.