village-office-moothakunn
മൂത്തകുന്നം വില്ലേജ് ഓഫീസിനു മുന്നിൽ പ്രളയ കിറ്റ് കൂപ്പൺ വാങ്ങാനെത്തിയവരുടെ നീണ്ടനിര

പറവൂർ : പ്രളയ ദുരിതാശ്വാസമായി സർക്കാർ നൽകുന്ന ദുരിതാശ്വാസ കിറ്റ് വാങ്ങുന്നത് മറ്റൊരു ദുരിതമായി. മുന്നു മാസത്തേക്കുള്ള കിറ്റുകൾ ലഭിക്കാനുള്ള കൂപ്പണുകൾ വാങ്ങാൻ വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം വില്ലേജ്
ഓഫീസുകളിൽ ഒരാഴ്ച പിന്നിടുമ്പോഴും പ്രളയബാധിതരുടെ നീണ്ട നിരയാണ്. കൂപ്പൺ വിതരണം 9ന് സമാപിക്കും. പുലർച്ചെ മുതൽ ജനങ്ങൾ വില്ലേജ് ഓഫീസുകളിലെത്തി മണിക്കൂറുകളോളം ക്യൂ നിന്നാണ് കൂപ്പൺ വാങ്ങുന്നത്. പലരും തിരക്ക് കുറയാൻ കാത്തിരിക്കുകയാണ്. ഇതിനാൽ സമയ പരിധി കൂട്ടണമെന്ന് ആവശ്യവും ഉയർന്നിട്ടുണ്ട്. വില്ലേജ് ഓഫീസുകളിൽ കൂപ്പൺ നൽകുന്നതിനാൽ മറ്റു പ്രവർത്തനങ്ങൾ നടക്കുന്നില്ല. കിട്ടിയ കൂപ്പണുകളുമായി മാവേലി സ്റ്റോറുകളിൽ എത്തിയ ഒട്ടേറെപ്പേർക്ക് കിറ്റു ലഭിക്കാതിരുന്നതും തർക്കത്തിനിടയായി. മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം സാധനം ഇല്ലെന്നറിഞ്ഞപ്പോൾ നാട്ടുകാരും ജീവനക്കാരും തമ്മിൽ തർക്കമായി. അർഹരായവർക്ക് നൽകാനുള്ളത്ര കിറ്റുകൾ എത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മുനമ്പം കവലയിലെ മാവേലിസ്റ്റോറിൽ കൂപ്പണുകളുമായി എത്തിയവരെ അടുത്തദിവസം നൽകാമെന്നു പറഞ്ഞു മടക്കിഅയച്ചു. വരും ദിവസങ്ങളിൽ താലൂക്കിലെ മാവേലി സ്റ്റോറുകളിൽ കിറ്റുകൾക്കായി കൂടുതൽ ആവശ്യക്കാരെത്തും. ആവശ്യത്തിനു കിറ്റുകൾ ലഭ്യമാക്കിയില്ലെങ്കിൽ മാവേലി സ്റ്റോറുകൾ വീണ്ടും തർക്കകേന്ദ്രമായി മാറും.