market
പൊലീസ് സംരക്ഷണയിൽ നഗരസഭ ആലുവ നഗരസഭാ അധികാരികൾ മാർക്കറ്റിലെ വഴിയോര കച്ചവടം ഒഴിപ്പിക്കുന്നു

ആലുവ: പലവട്ടം താക്കീത് നൽകിയിട്ടും ആലുവ മാർക്കറ്റിന് സമീപം അനധികൃത കച്ചവടം നടത്തിയവരുടെ പച്ചക്കറിയും മത്സ്യവും നഗരസഭ പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിളിന്റെയും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധനക്കെത്തിയപ്പോൾ പച്ചക്കറി - മത്സ്യത്തട്ടുകൾ കച്ചവടക്കാർ സ്വയം നീക്കി.

ഉദ്യോഗസ്ഥ സംഘം മടങ്ങിയതിന് പിന്നാലെ വീണ്ടും കച്ചവടം ആരംഭിച്ചു. ഇതേതുടർന്ന് പൊലീസ് സംരക്ഷണയിൽ തിരിച്ചെത്തി ഉദ്യോഗസ്ഥർ പച്ചക്കറികളും മത്സ്യങ്ങളുമെല്ലാം പിടിച്ചെടുത്ത് വാഹനത്തിലേക്ക് കയറ്റി. തടയാൻ ശ്രമിച്ച കച്ചവടക്കാരെ പൊലീസ് ഇടപ്പെട്ട് പിന്തിരിപ്പിച്ചു. പലവട്ടം മാർക്കറ്റിലും പരിസരത്തും വഴിയോര കച്ചവടം നടത്തുന്നതിനെതിരെ നഗരസഭ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിൻമാറാത്ത സാഹചര്യത്തിലായിരുന്നു നടപടി. മൂന്ന് മത്സ്യത്തട്ടുകളും രണ്ട് പച്ചക്കറി തട്ടുകളുമാണ് പിടിച്ചെടുത്തത്. മത്സ്യത്തട്ടുകൾ ദിവസേന 1000 രൂപക്ക് ചിലർ മറിച്ച് വാടകക്ക് നൽകിയിരിക്കുകയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപകുമാർ, സുനിൽകുമാർ, ജെ.എച്ച്.ഐമാരായ അഖിൽ, ജിഷ്ണു, വിനോദ് കുമാർ, സീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.