sabarimala

കൊച്ചി : ശബരിമലയിലെ ആൾക്കൂട്ടത്തിന്റെ അതിക്രമങ്ങൾ ന്യായീകരിക്കാനാവില്ലെന്നും വൻതോതിലുണ്ടായ നാശനഷ്ടങ്ങൾ അക്രമത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിക്രമങ്ങളിൽ ആൾക്കൂട്ടത്തിലെ ഒരാൾക്കുപോലും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.

ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 17-ാം പ്രതി തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുമുതൽ നശിപ്പിച്ച വകയിൽ 16.78 ലക്ഷം രൂപയുടെയും കാമറയും സ്വകാര്യ വാഹനങ്ങളുമടക്കം നശിപ്പിച്ച വകയിൽ 15.5 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും 25 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ഇടപെടാനാവില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.

അക്രമങ്ങളെത്തുടർന്ന് ഒക്ടോബർ 25 നാണ് ഗോവിന്ദ് മധുസൂദനനെ പൊലീസ് അറസ്റ്റുചെയ്തത്. നിലയ്ക്കലിൽ നിന്ന് പമ്പയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അക്രമമുണ്ടായതെന്നും പൊലീസും ചില സംഘങ്ങളും തമ്മിൽ കല്ലേറും സംഘർഷവും ഉണ്ടായെന്നും ഹർജിക്കാരൻ ആരോപിച്ചു.

ശബരിമലയിൽ സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധമാണ് നടന്നതെന്നും പൊലീസിനെയും ഭക്തരെയും മാദ്ധ്യമപ്രവർത്തകരെയും ഇവർ ആക്രമിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാനാണ് പൊലീസ് ശ്രമിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾക്കും പൊലീസ് വാഹനങ്ങൾക്കും നേരെ അക്രമമുണ്ടായി. അക്രമികൾ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുമെന്നും അതു ചെറുക്കാൻ നടപടി വേണമെന്നും കേന്ദ്ര സർക്കാർ കേരളം ഉൾപ്പെടെ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആൾക്കൂട്ടത്തിൽ ഒരു വിഭാഗത്തെ നയിച്ചത് ഹർജിക്കാരനാണ്. കല്ലെറിയാനും ആൾക്കൂട്ടത്തെ പ്രകോപിപ്പിക്കാനും ഇയാൾ ഉണ്ടായിരുന്നു. സംഘത്തിലെ ചിലർ ടവൽ ഉപയോഗിച്ച് മുഖം മറച്ചിരുന്നു . ടവർ ലൊക്കേഷൻ രേഖകൾ പരിശോധിച്ചാൽ സംഭവസമയത്ത് ഇയാൾ നിലയ്ക്കലിൽ ഉണ്ടായിരുന്നെന്ന് വ്യക്തമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. രാവിലെ പത്തുമുതൽ ഉച്ചക്ക് രണ്ടുവരെ നിലയ്ക്കലിൽ ഉണ്ടായിരുന്നെന്നും വൈകിട്ട് അഞ്ചരയോടെ 150 കിലോമീറ്റർ അകലെയുള്ള തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയെന്ന ഹർജിക്കാരന്റെ വാദം തെറ്റാണെന്ന് രേഖകളിൽ വ്യക്തമാണെന്ന് ഹൈക്കോടതിയും വിലയിരുത്തി.

നശിപ്പിച്ച വാഹനങ്ങൾ :

പൊലീസ് ബസുകൾ - 2

പൊലീസ് കാർ - 1

പൊലീസ് വാഹനങ്ങൾ - 4

കെ.എസ്.ആർ.ടി.സി ബസുകൾ - 12

മാദ്ധ്യമങ്ങളുടെ വാഹനങ്ങൾ - 3

കാമറകൾ - 3

പരിക്കേറ്റ പൊലീസുകാർ - 14

ആകെ നഷ്ടം : 32.28 ലക്ഷം രൂപ