citu
എടയപ്പുറം മനക്കത്താഴം കവലയിലെ സി.ഐ.ടി.യു ഓഫീസിന്റെ മുൻവശത്തെ ഭിത്തി പൊളിച്ച നിലയിൽ

ആലുവ: സംസ്ഥാന മനുഷ്യാവകാശ കമ്മി​ഷൻ ഉത്തരവ് മറികടക്കാൻ സി​. ഐ.ടി​.യു ഓഫീസ് പൊളി​ച്ച് കാത്തുനിൽപ്പ് കേന്ദ്രമാക്കിയെന്ന് ആക്ഷേപം.

എടയപ്പുറം മനക്കത്താഴം കവലയിലെ അനധികൃത സി.ഐ.ടി.യു ഓഫീസിന്റെ മുൻവശത്തെ ഭിത്തിയാണ് ബുധനാഴ്ച്ച രാത്രി യൂണിയൻ അംഗങ്ങൾ പൊളിച്ചത്.

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതായി ആരോപിച്ച് പരിസരവാസി വിജി അയ്യപ്പൻ നൽകിയ ഹർജിയെ തുടർന്ന് മൂന്ന് മാസം മുമ്പ് സി.ഐ.ടി.യു ഓഫീസ് പൊളിക്കാൻ പി.ഡബ്‌ളിയു.ഡിക്ക് കമ്മി​ഷൻ നിർദ്ദേശം നൽകിയത്. പി.ഡബ്‌ളിയു.ഡി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് മൂന്നാഴ്ച മുമ്പ് പരാതിക്കാരൻ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് വീണ്ടും കമ്മി​ഷനെ സമീപിച്ചു. രണ്ട് ദിവസത്തിനകം പൊളിക്കാൻ നിർദ്ദേശിച്ച് പി.ഡബ്‌ളിയു.ഡി വീണ്ടും ഓഫീസിൽ നോട്ടീസ് പതിച്ചു. ഇതിനിടയിൽ മറ്റൊരു പരാതി പഞ്ചായത്തിൽ നൽകി ഓഫീസ് നിലനിർത്തുന്നതിന് സി.പി.എം നീക്കം നടത്തി. ബസ് കാത്തുനിൽപ്പ് കേന്ദ്രം പൊളിക്കാൻ പി.ഡബ്‌ള്യു.ഡി നീക്കമുണ്ടെന്നും നിലനിർത്താൻ ഇടപെടണമെന്നുമായിരുന്നു ആവശ്യം. പഞ്ചായത്ത് അനുകൂല തീരുമാനമെടുത്തു.

ഭരണപക്ഷം കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചെന്നും തീരുമാനം പുനപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കെയാണ് സി.ഐ.ടി.യു ഓഫീസിന്റെ മുൻവശം ഭാഗി​കമായി പൊളിച്ചത്. ബസ് കാത്തുനിൽപ്പ് കേന്ദ്രമാക്കിയാലും ഹർജിക്കാരന്റെ ആവശ്യം നടക്കി​ല്ല. സഞ്ചാരസ്വാതന്ത്ര്യത്തിന് കെട്ടിടം തടസമാണെന്നാണ് മനുഷ്യാവകാശ കമ്മി​ഷൻ മുമ്പാകെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.