private-bus

കൊച്ചി : സ്വകാര്യ ബസുകളിൽ ഡോർ ഷട്ടറുകളുണ്ടെന്ന് പൊലീസും ട്രാൻസ്പോർട്ട് അധികൃതരും ഉറപ്പാക്കണമെന്നും ടൗൺ, സിറ്റി സർവീസുകൾക്ക് ഉൾപ്പെടെ ഇതു ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ബസുകൾക്ക് ഡോർ ഷട്ടർ നിർബന്ധമാക്കുന്ന കേരള മോട്ടോർ വാഹന ചട്ടത്തിലെ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജികൾ തള്ളിയാണ് സിംഗിൾബെഞ്ചിന്റെ വിധി. 2016 ലെ ചട്ട ഭേദഗതി മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഒരുകൂട്ടം ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

ബസുകൾക്ക് ഡോർ ഷട്ടർ നിർബന്ധമാക്കിയത് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ്. ഇതു പാലിക്കുന്നതിലൂടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയും. മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടത്തിന്റെയും ലക്ഷ്യവുമായി ഒത്തുപോകുന്ന വ്യവസ്ഥയാണിതെന്നും ഹൈക്കോടതി വിലയിരുത്തി. പെർമിറ്റുള്ള ബസുകൾക്ക് എറണാകുളം ആർ.ടി.എ ഡോർ ഷട്ടർ നിർബന്ധമാക്കിയിരുന്നു. ഇതിലെ തുടർ നടപടികളും ഹൈക്കോടതി ശരിവച്ചു. ഡോർ ഷട്ടറുകൾ അഴിച്ചു വച്ചും ഇവ ബസിന്റെ ബോഡിയിൽ ചേർത്തുകെട്ടിയും സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ ഉചിതമായ നടപടി വേണം. ബസ് ഒാടുന്നതിനിടെ ഡോർ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ജീവനക്കാർക്കെതിരെ നടപടി വേണമെന്നും വിധിയിൽ പറയുന്നു.