പെരുമ്പാവൂർ: ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതം നടത്തിയ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ. സണ്ണിക്കുട്ടി ആവശ്യപ്പെട്ടു. ആർ.എസ്.പി പെരുമ്പാവൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലടിയിലെ പുതിയ പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. റെജികുമാർ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന നേതാവായ കെ. അരവിന്ദാക്ഷനെ മണ്ഡലം സെക്രട്ടറി വി.ബി. മോഹനൻ അനുമോദിച്ചു. അഡ്വ. വി. കൃഷ്ണകുമാർ, അജിത് പി. വർഗീസ്, അഡ്വ. എം.കെ. പാർഥസാരഥി, ജോജി ചിറ്റുപറമ്പിൽ, കെ.കെ. അബ്ദുൽ ജബ്ബാർ, സി.എൻ. ലീല, അഷറഫ് പാളി, ജെയ്‌സൺ പൂക്കുന്നേൽ, കെ.വി. രാധാകൃഷ്ണൻ, എം.ആർ. മണി തുടങ്ങിയവർ സംസാരിച്ചു. ആർ.എസ്.പി മണ്ഡലം സെക്രട്ടറിയായി വി.ബി. മോഹനനെയും 21 അംഗ മണ്ഡലം കമ്മിറ്റിയെയും തിരഞ്ഞെടുത്തു.