udf
യു.ഡി.എഫിന്റെ നേതൃത്വത്തിൽ വീട്ടുടമകൾ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

ആലുവ: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ ലിസ്റ്റ് തയ്യാറാക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വീട്ടുടമകൾ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

പട്ടികയിലെ അപാകതകൾക്ക് പരിഹാരത്തിനായി നിരവധി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും പരിഹാരം ഇല്ലാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. നഷ്ടം സംഭവിക്കാത്തവരുടെ പേരുകൾ പട്ടികയിൽ ഇടംപിടിച്ചപ്പോഴും പ്രളയബാധിതർ പട്ടികക്ക് പുറത്താണെന്നാണ് ആരോപണം. പൂർണ്ണമായി വീട് നഷ്ടപെട്ടവർ പോലും പട്ടികയിലില്ല. പലരുടെയും നഷ്ടത്തിന്റെ ശതമാനവും തെറ്റായി രേഖപ്പെടുത്തിയിരിക്കയാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇടപെട്ട് അപ്പീൽ സമർപ്പിക്കുവാൻ അവസരം ഒരുക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. അതേസമയം, പ്രളയബാധിതരുടെ പട്ടികയിലെ അപാകതയ്ക്ക് പഞ്ചായത്തല്ല ഉത്തരവാദിയെന്ന് സെക്രട്ടറി അറിയിച്ചു. സമരത്തിന് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, ടി.ജെ. ടൈറ്റസ്, എം.കെ. നാസ്സർ, കെ.എ. അഷറഫ്, ടി.കെ. ജയൻ, കെ.എ. ഷുഹൈബ്, ജ്യോതി ഗോപകുമാർ, സബീന ഹാരിസ് എന്നിവർ നേതൃത്വം നൽകി.