hiby
ചേരാനെല്ലൂർ പഞ്ചായത്തിൽ ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന ഒമ്പതാമത്തെ വീടിന്റെ തറക്കല്ലിടൽ മന്ത്രി തോമസ് ഐസക് നിർവ്വഹിക്കുന്നു. ഹൈബി ഈഡൻ എം.എൽ.എ സമീപം

കൊച്ചി:പ്രളയത്തിൽ തകർന്ന ചേരാനെല്ലൂർ പഞ്ചായത്തിൽ ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന തണൽ ഭവന പദ്ധതിയിലെ ഒമ്പതാമത്തെ വീടിന് മന്ത്രി തോമസ് ഐസക് തറക്കല്ലിട്ടു. ചേരാം ചേരാനെല്ലൂരിനൊപ്പം കാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി. റോട്ടറി കൊച്ചിൻ ഇന്റർനാഷണലാണ് വീട് സ്‌പോൺസർ ചെയ്‌തിരിക്കുന്നത്.

ഇടയക്കുന്നം സ്‌മരണിക ലൈനിൽ അവാന്തുശേരി അരുണിന്റെ വീടാണ് പുനർനിർമ്മിക്കുന്നത്. മാതാപിതാക്കളും ഭാര്യയും കുഞ്ഞുമടങ്ങുന്നതാണ് കുടുംബം. മൂന്നേമുക്കാൽ സെന്റ് സ്ഥലത്തെ വീട് വെള്ളം കയറി താഴെ വീഴാറായ അവസ്ഥയിലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അരുണിന് മറ്റ് വരുമാനമൊന്നുമില്ല.ഇപ്പോൾ സഹോദരന്റെ വീട്ടിലാണ് താമസം. 50 വീടുകളാണ് പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുകയെന്ന് ഹൈബി ഈഡൻ പറഞ്ഞു. പത്താമത്തെ വീടിന് 11 ന് മന്ത്രി എ.സി.മൊയ്‌തീൻ തറക്കല്ലിടും. ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കൂ, റോട്ടറി ഭാരവാഹികളായ എബ്രഹാം ജോർജ്, എസ്.ആർ. നായർ, ആർ.വി.എസ്. പിള്ള എന്നിവർ പങ്കെടുത്തു.