കൊച്ചി: എറണാകുളം ജെട്ടിയിൽ നിന്ന് ഫോർട്ടുകൊച്ചി കമാലക്കടവിലേക്ക് കുളിർയാത്രയ്ക്ക് അരങ്ങൊരുങ്ങി. വൈക്കത്ത് നിന്ന് എറണാകുളത്ത് രാവിലെ 9.3 ന് എത്തിച്ചേരുന്ന അതിവേഗ ബോട്ട് സർവീസ് തിരിച്ച് 5.30ന് വൈക്കത്തേക്ക് തിരിച്ചുപോകുന്നത്. ഈ ബോട്ട് ഉപയോഗിച്ചാണ് ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്താനൊരുങ്ങുന്നത്. വൈക്കത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള സുഖയാത്ര ഹിറ്റായതുപോലെ ഫോർട്ടുകൊച്ചി റൂട്ടിലെ യാത്രയും സൂപ്പർഹിറ്റുകുമെന്ന പ്രതീക്ഷതിലാണ് ജലഗതാഗതവകുപ്പ് അധികാരികൾ.
കേരളത്തിലെ ഏറ്റവും വേഗമേറിയ യാത്രാബോട്ടായ ‘വേഗ 120’ ഒരാഴ്ച മുമ്പാണ് വേമ്പനാട്ട് കായലിൽ സർവീസ് തുടങ്ങിയത്. ഒരാഴ്ച കൊണ്ട് ബോട്ട് സർവീസിനെ ജനങ്ങൾ നെഞ്ചേറ്റി. ദിവസേന പന്ത്രണ്ടായിരം രൂപയ്ക്കു മുകളിൽ വരുമാനം നേടാൻ കഴിയുന്നുണ്ടെന്ന് ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം. സുജിത് പറഞ്ഞു. ശീതീകരിച്ച കാബിനിൽ 40 ഉം നോൺ എ.സി യിൽ 80 ഉൾപ്പെടെ 120 സീറ്റുകളാണുള്ളതെങ്കിലും ചില ദിവസങ്ങളിൽ 150 ലേറെ യാത്രക്കാരെ ലഭിച്ചതായി അദ്ദേഹംം പറഞ്ഞു.
ഇനി കൊച്ചി കായലിലും
ഫോർട്ടുകൊച്ചി എറണാകുളം ജെട്ടി റൂട്ടിലാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. പ്രത്യേകിച്ചും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് പകൽ സർവീസ് നടത്തുക. കുറഞ്ഞ ചെലവിൽ കായൽ സൗന്ദര്യം നുകർന്ന് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകുമെന്നതാണ് സർവീസിന്റെ പ്രത്യേകത.
എറണാകുളം- ഫോർട്ടുകൊച്ചി റൂട്ടിലെ സമയം
9.55 10.15
10.40 11.00
12.30 13.55
14.10 14.30
15.45 16.15
16.40 17.00
നിരക്ക് ശീതീകരിച്ച മുറിയിൽ ഇരുപതുരൂപ
ശീതീകരിക്കാത്ത മുറിയിൽ പത്തുരൂപ
വൈക്കത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടും. 9.30ന് എറണാകുളത്ത് എത്തും. വൈകിട്ട് 5.30ന് പുറപ്പെട്ട് 7.30ന് വൈക്കത്ത് എത്തും.
വൈക്കം - എറണാകുളം അതിവേഗ ബോട്ട് സർവീസിനെ ബന്ധിപ്പിച്ച് നാല് കണക്ഷൻ സർവീസുകളുമുണ്ട്. വൈക്കത്ത് നിന്ന് തവണക്കടവിലേക്കും തേവര ഫെറിയിൽ നിന്ന് കാക്കനാട്ടേക്കും വൈറ്റിലയ്ക്കും പെരുമ്പളം സൗത്തിൽ നിന്ന് പൂത്തോട്ടയ്ക്കുമാണ് ബോട്ട് സർവീസ്.
സ്റ്റോപ്പുകൾ
വൈക്കം പെരുമ്പളം സൗത്ത്, പാണാവള്ളി, തേവര ഫെറി, എറണാകുളം മെയിൻ ജെട്ടി.
പ്രത്യേകതകൾ
മണിക്കൂറിൽ 25 കിലോമീറ്റർ വേഗം
ഇലക്ട്രിക് സ്റ്റിയറിംഗ്
170 കുതിരശക്തിയുടെ രണ്ട് എൻജിൻ
അപകടസാദ്ധ്യത കുറയ്ക്കാനുള്ള സംവിധാനം
ടി.വി., വൈഫൈ സംവിധാനങ്ങൾ
കഫ്റ്റേരിയയും രണ്ടു ശൗചാലയങ്ങളും
അഗ്നിശമന സംവിധാനം