കൊച്ചി: കുറഞ്ഞ ഉത്പാദനവും വർദ്ധിച്ച ഉത്പാദനച്ചെലവും വിലത്തകർച്ചയും മൂലം പ്രതിസന്ധിയിലായ തോട്ടം മേഖലയെ രക്ഷിക്കാൻ സമ്മിശ്രകൃഷി അനുവദിക്കണമെന്ന് അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് കേരള (എ.പി.കെ.) ആവശ്യപ്പെട്ടു. പ്രളയത്തിൽ 3,070.85 കോടി രൂപയുടെ നഷ്‌ടം തോട്ടങ്ങൾക്കുണ്ടായെന്ന് എ.പി.കെ പ്രസിഡന്റ് തോമസ് ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വരുമാനവും ചെലവും പൊരുത്തപ്പെടാത്തതു മൂലം 2012-13 മുതൽ തോട്ടങ്ങൾ പ്രതിസന്ധിയിലാണ്. ഒട്ടേറെ തോട്ടങ്ങളും ഫാക്‌ടറികളും പൂട്ടി. പുനർകൃഷി നടത്താനാവാത്ത സ്ഥിതിയുമുണ്ട്. ഉത്പാദനച്ചെലവിലും താഴെയാണ് വിളകൾക്ക് വില. തേയില, റബർ, ഏലം, കാപ്പി എന്നിവ വിലത്തകർച്ചയിലാണ്. കാലാവസ്ഥാ വ്യതിയാനവും വിളവ് കുറയാൻ കാരണമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയേ തോട്ടം മേഖലയ്ക്ക് നിലനിൽക്കാനാകൂ.
തേയിലയും ഏലവും ഉൾപ്പെടെ കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ മറ്റു കൃഷികൾക്ക് അനുമതിയില്ല. ഭൂമിയുടെ ഘടനയ്ക്ക് മാറ്റം വരുത്താതെ, മറ്റു വിളകളും കൃഷി ചെയ്യാൻ അനുമതി കിട്ടിയാൽ വരുമാനം വർദ്ധിപ്പിക്കാനാകും. കേരളത്തിന്റെ പുനർമ്മിർമ്മാണത്തിൽ പശ്ചിമഘട്ടത്തിലെ തോട്ടങ്ങളിൽ പരിസ്ഥിതിസൗഹൃദ കൃഷിക്ക് മുൻഗണന നൽകണം. കേന്ദ്ര സർക്കാരിന്റെ ക്ളസ്‌റ്റർ വികസന പദ്ധതികൾ ചെറുകിട തോട്ടം മേഖലകളിലും നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ നഷ്‌ടം (കോടിയിൽ)
ഏലം : ₹1,080.32
റബർ : ₹1,604.31
തേയില : ₹209.62
കാപ്പി : ₹176.6
ആകെ : ₹3,070.85