km-shaji-

കൊച്ചി : അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി കെ.എം. ഷാജി എം.എൽ.എയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി. തിരഞ്ഞെടുപ്പും റദ്ദാക്കി.സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ രണ്ടാഴ്ചത്തേക്ക് വിധി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിട്ടുമുണ്ട്.

2016 ലെ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയാണ് മുസ്‌ലീംലീഗ് സ്ഥാനാർത്ഥിയായിരുന്ന കെ.എം. ഷാജി ജയിച്ചതെന്നും തനിക്കെതിരെ അപമാനകരവും അസത്യവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നും ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.ഡി. രാജൻ വിധി പറഞ്ഞത്. ഹർജിക്കാരന് കോടതിച്ചെലവായി 50,000 രൂപ ഒരാഴ്‌ചയ്‌ക്കം കെട്ടിവയ്ക്കണം. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.

വിധി രാഷ്ട്രപതിയെയും നിയമസഭാ സ്പീക്കറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിക്കാനും ഉത്തരവുണ്ട്.

കെ.എം. ഷാജിയുടെയോ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ അറിവോടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോ, മതം, ജാതി, സമുദായം എന്നിവയുടെ പേരിൽ വോട്ട് നേടുകയോ വോട്ട് ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ, വ്യക്തിഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചോ, ഷാജിയെ തിരഞ്ഞെടുത്തതിന് നിയമ സാധുതയുണ്ടോ എന്നീ വിഷയങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.

'കാരുണ്യവാനായ അല്ലാഹുവിന്റെയടുക്കൽ അമുസ്ളീങ്ങൾക്ക് സ്ഥാനമില്ല, അവർ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്, അഞ്ച് നേരം നിസ്‌കരിക്കുന്ന കെ.എം. ഷാജിയെ ജയിപ്പിക്കണം' തുടങ്ങി വർഗീയ സ്വരത്തിലുള്ള നോട്ടീസാണ് ഷാജിക്കു വേണ്ടി മണ്ഡലത്തിൽ പ്രചരിപ്പിച്ചത്. നികേഷ് കുമാർ ബാറുടമയിൽ നിന്ന് പണം വാങ്ങിയെന്നും സരിതയുമായി സംസാരിച്ചെന്നുമുള്ള ആരോപണങ്ങളടങ്ങുന്ന ലഘുലേഖകളും പ്രചരിപ്പിച്ചിരുന്നു. ഇത് കെ.എം. ഷാജിയുടെയോ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ അറിവോടെയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 (3), 123 (4) വകുപ്പുപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് രാവിലെ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി.

ഉച്ചയ്‌ക്ക് കോടതി വീണ്ടും ചേർന്നപ്പോൾ കെ.എം. ഷാജിയുടെ അഭിഭാഷകൻ അപ്പീൽ നൽകാൻ 30 ദിവസവും വിധിക്ക് സ്റ്റേയും ആവശ്യപ്പെട്ടു. നികേഷിന്റെ അഭിഭാഷകൻ എതിർത്തെങ്കിലും കോടതി രണ്ടാഴ്ച സ്റ്റേ അനുവദിച്ചു. ഇക്കാലയളവിൽ എം.എൽ.എ എന്ന നിലയിൽ കെ.എം. ഷാജി പ്രതിഫലം കൈപ്പറ്റരുത്, വോട്ടിംഗിൽ പങ്കെടുക്കരുത് എന്നീ ഉപാധികൾ വേണമെന്ന് നികേഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

 ലഘുലേഖയ്‌ക്ക് പിന്നിൽ ആസൂത്രണം

ആസൂത്രിതമായ പദ്ധതി തയ്യാറാക്കിയാണ് ലഘുലേഖ പ്രചരിപ്പിച്ചതെന്ന് വ്യക്തമാണെന്ന് വിധിയിൽ പറയുന്നു. ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയില്ലാതെ ഇത് സാദ്ധ്യമല്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

വിശ്വസനീയമായ തെളിവ് നൽകിയിട്ടുണ്ട്. ഷാജിയുടെ സാക്ഷികളുടെ മൊഴികൾ പരസ്പരവിരുദ്ധവും അവാസ്തവവുമാണ്. സത്യം വേർതിരിക്കേണ്ടത് കോടതിയുടെ ചുമതലയാണ്.