post
മാതാ - മാധുര്യ കവലയിൽ റോഡിന് നടുവിൽ യാത്രക്കാർക്ക് ഭീഷണിയായ ഇലക്ട്രിക് പോസ്റ്റിന്റെ കുറ്റി

ആലുവ: വികസിപ്പിച്ച മാതാ - മാധുര്യ കവലയിൽ റോഡിന് നടുവിൽ ഉയർന്നുവന്ന ഇലക്ട്രിക് പോസ്റ്റിന്റെ കുറ്റി വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാവുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി നീക്കിയ ഇലക്ട്രിക്ക് പോസ്റ്റിന്റെ കുറ്റിയാണ് വില്ലൻ.

പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ വീതി കുറഞ്ഞ മാതാ - മാധുര്യ കവല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ ആറ് സെന്റ് സ്ഥലം ഏറ്റെടുത്തു. ഇവിടെയുണ്ടായിരുന്ന പൊതുമാരാമത്ത് വകുപ്പ് ക്വാട്ടേഴ്‌സിന്റെ മതിലും മറ്റും പൊളിച്ചുനീക്കി. പഴയ റോഡിന്റെ അരികിൽ നിന്ന ഇരുമ്പ് വൈദ്യുത പോസ്റ്റ് മുറിച്ചു മാറ്റുകയായിരുന്നു. റോഡിന്റെ വീതി കൂട്ടിയെടുത്ത ഭാഗത്ത് ടൈൽ വിരിച്ച് ഗതാഗത യോഗ്യമാക്കുകയും ചെയ്തു. വാഹനങ്ങളുടെ അമിത ഭാരത്തിൽ ടൈലുകൾ താഴേയ്ക്ക് ഇരുന്നപ്പോൾ റോഡ് നിരപ്പിലായിരുന്ന ഇരുമ്പുഭാഗം ഉയർന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. കൂർത്ത മുനയുള്ള ഭാഗം ഏത് വാഹനങ്ങളുടേയും ടയറ് കീറിക്കളയുന്ന വിധത്തിലാണ്. ഇരുമ്പുകഷ്ണത്തിൽ കയറി ടയറ് പൊട്ടി റോഡിൽ നിരവധി ഇരുചക്രവാഹനയാത്രക്കാരും മറിഞ്ഞ് വീണിട്ടുമുണ്ട്.
റോഡിനെ മുറിച്ച് കടന്ന് കാനയും കടന്നുപോകുന്നുണ്ട്. ടൈലുകൾ താഴേയ്ക്ക് ഇരുന്ന് പോയതിനാൽ കാനയുടെ ഭാഗത്ത് വാഹനയാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റോഡിന് നടുവിലെ ഇരുമ്പ് പോസ്റ്റിന്റെ കഷണം കുഴിയെടുത്ത് നീക്കം ചെയ്യുകയും ടൈലുകൾ ഉയർത്തി സ്ഥാപിക്കാൻ നടപടിയെടുക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.