nikesh-shaji
nikesh shaji

കൊച്ചി:എം.വി നികേഷ് കുമാറിന്റെ ഹർജിയിലെ നാല് ചോദ്യങ്ങൾക്ക് ജനപ്രാതിനിദ്ധ്യ നിയമപ്രകാരം ഉത്തരം കണ്ടെത്തിയാണ് ഹൈക്കോടതി കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി അദ്ദേഹത്തെ അയോഗ്യനാക്കിയത്.

ചോദ്യം ഒന്ന് : വോട്ടർമാരുടെ സ്വതന്ത്ര വോട്ടവകാശത്തിൽ നേരിട്ടോ അല്ലാതെയോ കെ.എം. ഷാജി ഇടപെട്ടോ ?

ഇത്തരമൊരു ഇടപെടൽ ഉണ്ടായിട്ടില്ല. ദൈവകോപം ഉണ്ടാകുമെന്നോ ആത്മീയ വിലക്ക് ഉണ്ടാകുമെന്നോ ഭയപ്പെടുത്തിയതിന് തെളിവില്ല. ആ നിലയ്ക്ക് ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 (2)(എ) (ii) പ്രകാരം തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നിട്ടില്ല

 ചോദ്യം രണ്ട് :മതം. സമുദായം, ജാതി, ഭാഷ എന്നിവയുടെ പേരിൽ വോട്ട് ചെയ്യാനോ വോട്ടിംഗിൽ നിന്ന് വിട്ടു നിൽക്കാനോ അഭ്യർത്ഥിച്ചിട്ടുണ്ടോ ?

എതിർ സ്ഥാനാർത്ഥി തങ്ങളുടെ സമുദായ താല്പര്യം സംരക്ഷിക്കാൻ യോഗ്യനല്ലെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. വിവാദ ലഘുലേഖയിൽ തന്നെ അനുഗ്രഹിക്കണമെന്ന് പറയുന്നതിനൊപ്പം എതിർ സ്ഥാനാർത്ഥിക്ക് വോട്ടു നൽകുന്നത് തടയുന്നുമുണ്ട്. ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 (3) പ്രകാരം ക്രമക്കേടുണ്ട്. മുസ്ളീം സമുദായാംഗങ്ങളും യു.ഡി.എഫ് പ്രവർത്തകരുമായ രണ്ട് സാക്ഷികളുടെ മൊഴിയിൽ ഇത്തരത്തിൽ പ്രചരണം നടത്തിയെന്ന് വ്യക്തമാണ്. ലഘുലേഖ വീട്ടിൽ കൊണ്ടുവന്നു നൽകിയെന്നും മതപരമായ അഭ്യർത്ഥന ലഭിച്ചതിനാൽ നിങ്ങൾക്ക് എങ്ങനെ വോട്ടു നൽകാനാവുമെന്ന് ഇവർ എൽ.ഡി.എഫ് പ്രവർത്തകരോടു ചോദിച്ചെന്നും മൊഴിയിൽ പറയുന്നു.

 ചോദ്യം മൂന്ന് : വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഖ വിതരണം ചെയ്തെന്ന ക്രമക്കേടുണ്ടോ ?

എം.വി. നികേഷ് കുമാറിനെ വ്യക്തിപരമായി അപമാനിക്കുന്ന മൂന്നു ലഘുലേഖകളാണ് ഹാജരാക്കിയത്. ബാർ ഉടമയിൽ നിന്ന് പണം വാങ്ങി, സാമ്പത്തിക സ്ഥിതി മോശമായിരുന്ന നിലയിൽ നിന്ന് മണിമാളികയിലേക്ക് ഉയർന്നു, സരിതയുമായി ഫോണിൽ സംസാരിച്ചു എന്നീ ആരോപണങ്ങൾ ഇതിലുന്നയിച്ചു. ഇവ വോട്ട് നിഷേധിക്കുന്ന മാനസികാവസ്ഥ വോട്ടർമാരിൽ ഉണ്ടാക്കി. പഞ്ചായത്ത് പ്രസിഡന്റ് എം.പി മനോരമയുടെ വീട്ടിൽ നിന്നും യു.ഡി.എഫ് പ്രവർത്തകരിൽ നിന്നും വളപട്ടണം പൊലീസ് ഇവ പിടിച്ചെടുത്തു. പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ് നൽകിയിട്ടും വിതരണം നടന്നു. ലഘുലേഖ തയ്യാറാക്കിയ പ്രസിന്റെ വിവരങ്ങളും തീയതിയും കണ്ടെത്തിയിട്ടില്ലെന്ന് ഷാജിയുടെ അഭിഭാഷകൻ വാദിക്കുന്നു. ഇവ വിതരണം ചെയ്തതിനെയാണ് നികേഷ് ചോദ്യം ചെയ്യുന്നതെന്ന കാരണത്താൽ ഇതിനു പ്രസക്തിയില്ല. ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 (4) പ്രകാരം ക്രമക്കേടു നടന്നിട്ടുണ്ട്.

 ചോദ്യം നാല് : കെ.എം. ഷാജിയെ തിരഞ്ഞെടുത്തത് സാധുവാണോ ?

ജനപ്രാതിനിദ്ധ്യ നിയമത്തിലെ രണ്ട് വ്യവസ്ഥകൾ പ്രകാരം ക്രമക്കേട് കണ്ടെതിനാൽ തിരഞ്ഞെടുപ്പ് സാധുവല്ല. 100 (1) (ബി), 100 (1) (ഡി) എന്നീ വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് റദ്ദാക്കുന്നു. കെ.എം. ഷാജിയെ അയോഗ്യനാക്കുന്നു.