കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ ഏറ്റവും വലിയ പട്ടികജാതി കോളനിയായ മണ്ണത്തൂർ കൂറ്റത്തിനാൽ കോളനി നവീകരണ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് വീടുകളുടെ ചുറ്റുമതിൽ നിർമ്മാണവും നടപ്പാതകളുടെ നിർമ്മാണവും ഉൾപ്പെടെയുള്ള പദ്ധതികളാണ് കോളനിയിൽ നടപ്പിലാക്കുന്നത്. 42 പട്ടികജാതി കുടുംബങ്ങളാണ് ഇവിടെയുള്ളത്. നവീകരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത രാജു, അംഗങ്ങളായ ലിസി റെജി, രഞ്ജിത്ത് ശിവരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.സി. കുര്യാക്കോസ്, സിനു എം ജോർജ് എന്നിവർ സംസാരിച്ചു.