കരയ്ക്കടുക്കാൻ വഴിയില്ലാതെ 61 കുടുംബങ്ങൾ
കൊച്ചി: കൊച്ചി നഗരവും താന്തോന്നിത്തുരുത്തും തമ്മിൽ അര കിലോമീറ്റർ ദൂരമേയുള്ളൂ. പക്ഷേ, ചുറ്റുമുള്ള ഉപ്പുവെള്ളം കടന്നു നഗരത്തിലേക്ക് വരികയെന്നത് തുരുത്തുകാരെ സംബന്ധിച്ച് ഇപ്പോൾ ഒരു ഞാണിന്മേൽ കളിയാണ്. വെള്ളം കടക്കുന്നതല്ല പ്രശ്നം. തങ്ങളുടെ വള്ളം കരയ്ക്കടുപ്പിക്കാൻ വഴിയില്ലാത്തതാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. സർക്കാർ ബോട്ട് തൊട്ടടുത്ത് സർവീസ് നടത്തുന്നുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ സ്വന്തം വഞ്ചി തന്നെയാണ് തുരുത്തുകാർക്ക് ആശ്വാസം.
ഒരു സ്വകാര്യ വ്യക്തി സ്ഥാപിച്ച ചീനവലയും കൂടുമത്സ്യകൃഷിയുമാണ് സഞ്ചാര സ്വാതന്ത്ര്യം നശിപ്പിക്കുന്നതെന്ന് ഒരു വിഭാഗം തുരുത്ത് നിവാസികൾ പറയുന്നു. എന്നാൽ, രണ്ടു വർഷമായി അംഗീകൃതമായി പ്രവർത്തിക്കുന്ന സ്ഥാപനം പൂട്ടിക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ നടത്തുന്നതാണ് ഈ 'യാത്രാദുരിതം" എന്ന് ഉടമയും പറയുന്നു. രണ്ടു വർഷം മുമ്പാണ് ചെറായി സ്വദേശി ഗിരീഷ് ഇവിടെ മീൻകൂടും ചീനവലയും സ്ഥാപിച്ചത്.
83 കുടുംബങ്ങളാണ് തുരുത്തിൽ ഉണ്ടായിരുന്നത്. തുരുത്താണെന്ന കാരണം കൊണ്ട് മക്കളുടെ വിവാഹങ്ങൾ പലതും നടക്കാതെ വന്നപ്പോൾ പലരും ഇവിടം വിട്ടുപോയി. 61 കുടുംബങ്ങളിലായി നാനൂറോളം പേരാണ് തുരുത്തിൽ ഇപ്പോൾ താമസിക്കുന്നത്. 100 ലേറെ ഏക്കറുള്ള തുരുത്തിൽ 7 ഏക്കർ മാത്രമാണ് നാട്ടുകാർക്ക് സ്വന്തമായുള്ളൂ. മറ്റുള്ള പ്രദേശം സ്വകാര്യ വ്യക്തികളുടേതാണ്. തുരുത്തിലേക്ക് ഒരു പാലം പണിയാൻ മുമ്പ് ഉത്തരവായിരുന്നെങ്കിലും സ്വകാര്യ സ്ഥലമാണ് കൂടുതലുമെന്ന കാരണത്താൽ പദ്ധതി ഉപേക്ഷിച്ചു. തങ്ങളുടെ വഞ്ചികളിൽ നഗരത്തിലേക്ക് വരാൻ കഴിയുമായിരുന്ന തുരുത്തുവാസികൾ പ്രക്ഷോഭത്തിനിറങ്ങിയതുമില്ല. ഗോശ്രീ ചാത്യാത്ത് റോഡിലെ ഒരു സ്വകാര്യ ഫ്ളാറ്റിനടത്തുള്ള കടവിലായിരുന്നു ഇവിടത്തുകാർ തങ്ങളുടെ വഞ്ചി അടുപ്പിച്ചിരുന്നത്.
കടവിലേക്ക് ഇറങ്ങാൻ പറ്റുന്നില്ല
മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാനെന്ന പേരിൽ ചീനവലയിലേക്ക് കയറാൻ പാകത്തിൽ ഒരു പാലം പണിതതും ചീനവല ഭാഗത്തേക്ക് പായൽ വരാതിരിക്കാൻ കടവിന്റെ വലതുഭാഗത്ത് വലിച്ചുകെട്ടിയതുമാണ് ബുദ്ധിമുട്ടായത്. വഞ്ചി കറങ്ങി കടവിന് അരികുചേർന്ന് നിറുത്താൻ വഴിയില്ലാതെയായതോടെ സ്ത്രീകൾക്കും കുട്ടികൾക്കും കടവിലേക്ക് നേരിട്ട് ഇറങ്ങാൻ പറ്റുന്നില്ല.
സുബ്ബയ്യൻ, തുരുത്തു നിവാസി
ബുദ്ധിമുട്ട് ഇതുവരെ പറഞ്ഞില്ല
രണ്ടു വർഷം മുമ്പാണ് ഇവിടെ മീൻകൂടും ചീനവലയും സ്ഥാപിച്ചത്. ആദ്യം സ്ഥാപിച്ച സ്ഥലം വഴിയാണ് എന്ന് തുരുത്തുകാർ പറഞ്ഞപ്പോഴാണ് ഇപ്പോഴത്തെ സ്ഥലത്ത് വല സ്ഥാപിച്ചത്. എന്നാൽ, രണ്ടുവർഷത്തിനിടെ ഇപ്പോഴാണ് ഇങ്ങനെയൊരു ബുദ്ധിമുട്ട് ആരെങ്കിലും പറയുന്നത്.
ഗിരീഷ്, ചെറായി സ്വദേശി