കൊച്ചി: കോഴിക്കോട് യുവമോർച്ച യോഗത്തിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
നവംബർ നാലിന് നടന്ന യോഗത്തിൽ യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമല നട തന്ത്രി അടച്ചാൽ അതു കോടതിയലക്ഷ്യം ആകില്ലെന്നും ഇത്തരമൊരു സംഭവത്തിൽ അദ്ദേഹം ഒറ്റക്കാവില്ലെന്നും പ്രസംഗിച്ചിരുന്നു. ഇത് അയ്യപ്പ ഭക്തരെ ആക്രമണം നടത്താൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗമാണെന്ന തരത്തിലാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പൊതുജനങ്ങളിൽ ഭീതി പടർത്തുന്നതും സമൂഹത്തിന്റെ ശാന്തത തകർക്കുന്നതുമായ പരാമർശങ്ങളാണ് പ്രസംഗത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഷൈബിൻ നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.