ramesh-chennithala-neyyat
ramesh chennithala neyyattinkara murder

 കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു

 ശബരിമല വിഷയത്തിൽ തലതിരിഞ്ഞ ഉത്തരവുകൾ

കൊച്ചി: നെയ്യാറ്റിൻകരയിൽ സനലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐ.ജി തലത്തിലുള്ള അന്വേഷണം അട്ടിമറിക്കാനാണ് കേസ് വേഗത്തിൽ ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളെ പിടികൂടാൻ വൈകുമ്പോഴാണ് സാധാരണയായി കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുക. എന്നാൽ പ്രതി ഡിവൈ.എസ്.പി ഹരികുമാറാണെന്ന് വ്യക്തമായിരിക്കേ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

തീവയ്പുണ്ടായ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് സനലിന്റെ വസതിയിൽ പോയില്ല. പൊലീസ് ഉന്നതരുടെ പിന്തുണയുള്ളതുകൊണ്ടാണ് ആറു ദിവസം കഴിഞ്ഞിട്ടും ഡിവൈ.എസ്.പി ഹരികുമാറിനെ പിടികൂടാത്തത്. ഒളിവിൽ കഴിയാൻ സി.പി.എം ജില്ലാ നേതാക്കൾ ഒത്താശയും ചെയ്യുന്നു. സോളാറിൽ കള്ളക്കേസുണ്ടാക്കാൻ സർക്കാരിൽ നിന്ന് സമ്മർദ്ദമുണ്ടാകുന്നതിനാലാണ് മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഒഴിഞ്ഞത്. അനാവശ്യമായി രാഷ്ട്രീയക്കാർക്കെതിരെ കുറ്റം ചുമത്തിയാൽ ചാരക്കേസിലെ അനുഭവമായിരിക്കും ഉദ്യോഗസ്ഥർക്കുണ്ടാകുക.

ബന്ധു നിയമന കേസിൽ കുരുങ്ങിയ മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. തെളിവുണ്ടെങ്കിൽ കോടതിയിൽ പറയാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറയുന്നത്.

ബന്ധു നിയമനത്തിൽ സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. അല്ലെങ്കിൽ നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കും.

ശബരിമല വിഷയത്തിൽ ഒാരോ ദിവസവും തലതിരിഞ്ഞ ഉത്തരവുകളാണ് സർക്കാർ ഇറക്കുന്നത്. പൊലീസ് സ്‌റ്റേഷനിൽ നിന്ന് പാസുമായി വരണമെന്നത് ഏതു കാലത്ത് നടക്കുന്ന കാര്യമാണ്. തീർത്ഥാടനം ദുർബലപ്പെടുത്താനാണ് സർക്കാർ നീക്കം.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയുണ്ടായപ്പോൾ നടപ്പാക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷത്തോട് ആലോചിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ധൃതിപി‌ടിച്ച് സ്വന്തം അജൻഡ നടപ്പാക്കാനായിരുന്നു ശ്രമം. ശ്രീധരൻപിള്ളയെ അറസ്‌റ്റു ചെയ്യാനുള്ള ധൈര്യമൊന്നും പൊലീസിനുണ്ടെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.