കാലടി: അയിത്താചാരങ്ങൾക്കെതിരെയും ക്ഷേത്രപ്രവേശനത്തിനും വേണ്ടിയും നിരവധി സമരങ്ങൾ നടത്തിയ പ്രബുദ്ധ കേരളത്തെ മതേതര പ്രബുദ്ധകേരളമാക്കി മാറ്റാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും ക്ഷേത്രപ്രവേശനവിളംബരം 82-ാ മത് വാർഷിക ആഘോഷങ്ങളുടെ നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കാലടി നാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ റോജി എം ജോൺ എം. എൽ. എ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദാ മോഹൻ, സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ, കെ.എസ്.ആർ.ടി. സി ഡയറക്ടർ ബോർഡംഗം മാത്യൂസ് കോലഞ്ചേരി, കെ.എ. ചാക്കോച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.