കൊച്ചി: കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി ഉറപ്പാക്കാൻ മൂന്നു മാസത്തിനകം സംസ്ഥാന വാണിജ്യമിഷൻ രൂപീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സെക്രട്ടറിയായി നിയമിച്ച് വിവിധ രാജ്യങ്ങളിൽ വിപണി കണ്ടെത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് കേരള (എ.പി.കെ) വാർഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതു - സ്വകാര്യ മേഖലകൾക്ക് പ്രയോജനകരമായ രൂപത്തിലായിരിക്കും വാണിജ്യ മിഷൻ. നമ്മുടെ ഉത്പന്നങ്ങൾക്ക് യുറോപ്യൻ, ആഫ്രിക്കൻ വിപണികളിൽ നേട്ടം കൈവരിക്കാൻ കഴിയും. തേയില, കാപ്പി, കരകൗശല വസ്‌തുക്കൾ എന്നിവയ്‌ക്ക് സ്ഥിരമായ രാജ്യന്തര വിപണി ലഭിക്കുന്നില്ല. ഇതു നേരിടാൻ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി മിഷൻ പ്രവർത്തിക്കും. പൊതുമേഖലയ്ക്കൊപ്പം സ്വകാര്യമേഖലയിലും ഉത്പാദനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.പി.എ ചെയർമാൻ തോമസ് ജേക്കബ്, ഉപാസി പ്രസിഡന്റ് എ.ഇ. ജോസഫ്, അസോസിയേഷൻ സെക്രട്ടറി ബി.കെ. അജിത്, വൈസ് ചെയർമാൻ ബി.പി കരിയപ്പ എന്നിവരും സംസാരിച്ചു.
തോട്ടം മേഖല വ്യവസായ
വകുപ്പിലേക്ക്
തോട്ടം മേഖലയെ വ്യവസായ വകുപ്പിന് കീഴിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. തോട്ടം മേഖലയുടെ പ്രശ്‌നങ്ങൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. തോട്ടങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകമാണ്. തോട്ടം മേഖയിലെ പഴയ കുടിശികകൾക്കൊപ്പം പുതിയ നികുതികളും ഒഴിവാക്കി. തോട്ടം മേഖലയിലെ സംരഭകർ വ്യവസായ നിക്ഷേപങ്ങൾക്ക് കൂടി തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.