കൊച്ചി: നഗരത്തെ ആവേശത്തിലാഴ്ത്തിയ ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തൺ അഞ്ചാം പതിപ്പിൽ ഫുൾ മാരത്തൺ പുരുഷ വിഭാഗത്തിൽ കൊച്ചിയിലെ മഹേഷ് പി.എസും വനിതാ വിഭാഗത്തിൽ ആരാധന റെഢിയും ജേതാക്കളായി. സമ്മാനങ്ങൾ മേയർ സൗമിനി ജെയിനും ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് സി.എം.ഒ കാർത്തിക് രമണും വിതരണം ചെയ്തു.
ഞായറാഴ്ച്ച പുലർച്ചെ നാലിന് വെല്ലിംഗ്ടൺ ഐലന്റിലെ ട്രിഡന്റ് ഹോട്ടലിന് മുന്നിൽ എൻ.സി.സി വോളണ്ടിയർ ഇൻ ചാർജ് ലെഫ്റ്റനന്റ് കേണൽ അശ്വന്ത് ഉദ്ഘാടനം ചെയ്തു.
42 കിലോമീറ്റർ ഫുൾ, 21 കിലോമീറ്റർ ഹാഫ്, ഫാമിലി, കോർപ്പറേറ്റ് റിലേ എന്നീ വിഭാഗങ്ങളിലായി നടന്ന മാരത്തണിൽ കേരളത്തിനകത്തും പുറത്തും നിന്നുമായി വിദേശികളടക്കം അയ്യായിരത്തി ഇരുനൂറോളം പേർ അണിചേർന്നു.
കേരളം മുന്നോട്ട് എന്ന സന്ദേശമുയർത്തിയാണ് മാരത്തൺ സംഘടിപ്പിച്ചത്. കൊച്ചി നഗരസഭ, സോൾസ് ഓഫ് കൊച്ചിൻ എന്നിവയുമായി സഹകരിച്ചാണ് മാരത്തൺ സംഘാടിപ്പിച്ചത്.
42 കിലോമീറ്ററിൽ 3.18.45 മണിക്കൂറിൽ മഹേഷ് പി.എസ് ഒന്നാമതും 3.22.06 മണിക്കൂറിൽ ഹരികുമാർ കെ.എൽ രണ്ടും 3.27.35 മണിക്കൂറിൽ വിഗ്‌നേശ്വരൻ ജെ മൂന്നും സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു. ഫുൾ മാരത്തൺ വനിതകളിൽ 3.41.55 മണിക്കൂറിൽ ആരാധന റെഢിയാണ് ഒന്നാമതെത്തിയത്. 3.45.44 മണിക്കൂറിൽ ഷില്പി സാഹു രണ്ടും, 3.58.52 മണിക്കൂറിൽ ജുബി ജോർജ് മൂന്നും സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു.
21 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ 1.18.33 മണിക്കൂറിൽ സഞ്ജയ് അഗർവാൾ ഒന്നാമതെത്തി. 1.24.33 മണിക്കൂറിൽ അരുൺ കുമാർ രണ്ടും 1.26.48 മണിക്കൂറിൽ തിരുപ്പതി ജി മൂന്നും സ്ഥാനങ്ങളിലായി ഫിനിഷ് ചെയ്തു.
ഹാഫ് മാരത്തൺ വനിതകളിൽ 1.51.07 മണിക്കൂറിൽ മെറീന മാത്യു വിജയിയായി. രണ്ടാമതായി 1.5612 മണിക്കൂറിൽ അലീഷ്യ വെയ്‌ഗേട്ട്, മൂന്നാമതായി 2.00.47 കവിത നായർ ഫിനിഷ് ചെയ്തു.
കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണറായ സജേഷ് കൃഷ്ണൻ ആദ്യ ഹാഫ് മാരത്തൺ പൂർത്തിയാക്കി. 102 വയസിലും തോരാത്ത ആത്മവിശ്വാസവുമായി പരമേശ്വരൻ അഞ്ചാം പതിപ്പിലും ഫൺ റണ്ണിൽ പങ്കെടുത്തു.
പ്രകടമായത് ആത്മവിശ്വാസം
വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് കുതിക്കാൻ കേരളത്തിലെ ജനങ്ങളുടെ ആത്മവിശ്വാസം മാരത്തണിലൂടെ പ്രതിഫലിച്ചു.
കാർത്തിക് രമൺ
സി.എം.ഒ
ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ്
പങ്കാളിത്തം വർദ്ധിച്ചു
കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനത്തിലധികം ജന പങ്കാളിത്തം നേടാൻ മാരത്തണിന് കഴിഞ്ഞു. വരും തലമുറയുടെ ആരോഗ്യ ജീവിത ശൈലിയോളുള്ള താല്പര്യമാണ് ഇതിൽ പ്രകടമായത്.
രമേഷ് കർത്ത
ഡയറക്ടർ
സോൾസ് ഒഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബ്