കൊച്ചി:ശബരിമല നട അടച്ചാൽ കോടതിയലക്ഷ്യമാകുമോ എന്നറിയാൻ തന്ത്രി കുടുംബത്തിലെ ആരെങ്കിലും വിളിച്ചതാകാമെന്ന് ഇപ്പോൾ പറയുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തന്ത്രി വിളിച്ചെന്ന് ഉറപ്പിക്കുന്നു.
കോഴിക്കോട്ട് യുവമോർച്ച സംസ്ഥാന സമിതി യോഗത്തിലായിരുന്നു വിവാദപ്രസംഗം. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോഴാണ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റിയത്.
ഹർജിയിൽ പറയുന്നത്
സ്‌ത്രീകൾ സന്നിധാനത്തെത്തിയ അവസരത്തിൽ അദ്ദേഹം മറ്റൊരു ഫോണിൽ നിന്ന് എന്നെ വിളിച്ച് സംസാരിച്ചു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ഒരു വാക്കു പറഞ്ഞു. എന്തോ അറംപറ്റിയ പോലെ അത് ശരിയാവുകയും ചെയ്‌തു. അദ്ദേഹം അൽപ്പം അസ്വസ്ഥനായിരുന്നു. നട പൂട്ടിയാൽ കോടതിവിധി ലംഘിച്ചു എന്നുവരില്ലേ?, കോടതിയലക്ഷ്യമാവില്ലേ?. പൊലീസുകാർ അദ്ദേഹത്തെ ഭയപ്പെടുത്തി. ആ സമയത്ത് തന്ത്രി വിളിച്ച കൂട്ടത്തിൽ ഒരാൾ ഞാനായിരുന്നു. അപ്പോൾ പറഞ്ഞു, തിരുമേനി ഒറ്റയ്‌ക്കല്ല,കോടതിയലക്ഷ്യം എടുക്കുന്നെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും. പതിനായിരക്കണക്കിനാളുകളുണ്ട്. തിരുമേനി ഒറ്റയ്‌ക്കല്ല എന്നു പറഞ്ഞപ്പോൾ രാജീവര് 'എനിക്ക് സാർ പറഞ്ഞ ആ ഒരൊറ്റ വാക്ക് മതി' എന്നു പറഞ്ഞ് ദൃഢമായ തീരുമാനം അന്ന് എടുത്തു.