ഗോവ എഫ്.സിയോട് തോറ്റത് 3-1 ന്
കൊച്ചി: അവസരങ്ങൾ പാഴാക്കിയതോർത്ത് ബ്ളാസ്‌റ്റേഴ്സിന് തലകുനിക്കാം. ഫെറാൻ കൊറോമിനസിന്റെ തലയെടുപ്പിൽ ഗോവ എഫ്.സിക്ക് ഒരു സ്‌പാനീഷ് വസന്തം. അതിലേക്ക് മൻവീർ സിംഗിന്റെ വകയായി ഒരു ഫ്രീ ഹെർഡർ. അതേ.. ബ്‌ളാസ്‌റ്റേഴ്സ് വീണ്ടും സ്വന്തം തട്ടകത്തിൽ അടിതെറ്റി വീണു.ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗോവ എഫ്.സി 3-1 ന് കേരള ബ്‌ളാസ്‌റ്റേഴ്സിനെ നിലം പരിശാക്കി. മിഡ് ഫീൽഡർ നിക്കോള കിർച്മാരെവിച്ചാണ് മഞ്ഞകുപ്പായ ആരാധകർക്കായി ആശ്വാസ ഗോൾ നേടിയത്.
സ്വന്തം തട്ടകത്തിലെ നാലാം മത്സരവും ജയിക്കാനാവാതെ ബ്‌ളാസ്‌റ്റേഴ്സ് ആരാധകർക്ക് നിരാശയുടെ ഒരു ദിനം കൂടിയാണ് നൽകിയത്. ഗോവ എഫ്.സിയുടെ ചടുലമായ മുന്നേറ്റങ്ങൾക്ക് മുന്നിൽ ദിക്കറിയാതെ ഉഴറിയ കൊമ്പൻമാർക്ക് രണ്ടാം പകുതിയിൽ മാത്രമാ് അൽപ്പമെങ്കിലുമ്പം കളിയിലേക്ക് തിരിച്ചെത്താനായത്. കഴിഞ്ഞ സീസണിലെ രണ്ടു കളിയിലും ഗോവയോട് പരാജയപ്പെട്ടിരുന്നു.
സ്‌പാനിഷ് വസന്തം
ഒന്നാം പകുതിയിൽ ബ്‌ളാസ്‌റ്റേഴ്സിനു മേൽ ഫെറാൻ കൊറോമിനസിന്റെ താണ്ഡവാണ് അരങ്ങേറിയത്. കാലുകളിൽ സൗന്ദര്യം നിറച്ച രണ്ടു ഷോട്ടുകൾ വലകുലുക്കിയപ്പോൾ കൊറോമിനസ് സ്‌പാനിഷ് നൃത്തം ചവുട്ടി. ഇതോടെ എട്ടു ഗോളുകളുമായി ഗോൾഡൻ ബൂട്ടിനായി താരം സാന്നിദ്ധ്യമറിയിച്ചു. 11 ാം മിനിട്ടിൽ തന്നെ കൊറോമിനസ് ബ്‌ളാസ്‌റ്റേഴ്സിന്റെ വല കുലുക്കി. ഗോവ എഫ്.സിക്ക് അനുകൂലമായി ലഭിച്ച രണ്ടാമത്തെ കോർണറിൽ നിന്നാണ് ഗോളിലേക്കുള്ള വഴി തുറന്ന്. കോർണർ അനസിന്റെ തലയിൽ തട്ടി തെറിച്ചതോടെ മൂന്നാമത്തെ കോർണർ. അത് ക്‌ളിയർ ചെയ്‌തെങ്കിലും ചെന്നെത്തിയത് അഹമ്മദ് ജാഗുവിന്റെ കാലുകളിൽ. അളന്നു തൂക്കിയ ക്രോസിൽ കൊറോമിനസിന് തലവച്ചു കൊടുക്കേണ്ടിയെ വന്നുള്ളൂ. ബ്ളാസ്‌റ്റേഴിന്റെ വലകുലുങ്ങി.
ദിശയറിയാതെ ദിക്കറിയാതെ..
ഒന്നും ചെയ്യാനാവാതെ ആദ്യം പകുതിയിൽ കളത്തിലൂടെ ഓടിയ ബ്‌ളാസ്‌റ്റേഴ്സിന്റെ ചില മിന്നൽ മുന്നേറ്റങ്ങൾ മാത്രമാണ് കാണികൾക്ക് വിരുന്നൊരുക്കിയത്. നാലാം മിനിട്ടിൽ മുന്നിലെത്താനുള്ള അവസരം ബ്ളാസ്‌റ്റേഴ്സിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 17 ാം മിനിട്ടിൽ ഹോളിചരണിന്റെ ഒറ്റയ്‌ക്കുള്ള മുന്നേറ്റവും സെറിട്ടോൻ ഫെർണാണ്ടസിന്റെ പ്രതിരോധത്തിൽ തട്ടി മടങ്ങി. എല്ലാ വിംഗിലൂടെയും ഗോവ ഇരമ്പി കയറിയതോടെ ബ്‌ളാസ്‌റ്റേഴ്സ് ആടിയുലഞ്ഞു.കഴിഞ്ഞ കളികളിൽ ബ്‌ളാസ്‌റ്റേഴ്സിന്റെ മിന്നും താരമായ സ്‌റ്റൊയനോവിച്ച് നിറം മങ്ങിയതോടെ 45 ാം മിനിട്ടിൽ പിൻവലിച്ച് ഡുംഗലിനെ കളത്തിലിറങ്ങി. എന്നാൽ ആദ്യപകുതിയുടെ അധിക സമയമായ 48 ാം മിനിട്ടിൽ ബ്ളാസ്‌റ്റേഴ്സ് പ്രതിരോധക്കാരായ ജിംഗാൻ, അനസ്, കിർച്മാരെവിച്ച് എന്നിവരുടെ ഇടയിലൂടെ കൊറോമിനസ് അടുത്ത വെടിയുണ്ടയും പായിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗോവ എഫ്.സി മുന്നിൽ.
ഫ്രീ ഹെർഡർ
67 ാം മിനുട്ടിൽ മൻവീർസിംഗ് ബ്‌ളാസ്‌റ്റേഴ്സിന്റെ വലയിലേക്ക് നിറയൊഴിച്ചപ്പോൾ പ്രതിരോധം കാഴ്ചക്കാരായി. ഏഴാമത്തെ കോർണറിൽ നിന്നായിരുന്നു ഗോൾ. മൻവീർ സിംഗിനെ പ്രതിരോധിക്കാൻ ഒരു താരവുമില്ലാതിരുന്നതോടെ ഫ്രീ ഹെർഡറായി കോർണർ വലയിലേക്ക്. 70 ാം മിനുട്ടിൽ ഡുംഗലിന്റെ മുന്നേറ്റം ഗോവ എഫ്.സി ഗോളി നവാസ് ഒറ്റയ്‌ക്ക് രക്ഷപ്പെടുത്തി 71 ാം മിനുട്ടിൽ കെ. പ്രശാന്തിനെ പിൻവലിച്ച് സി.കെ.വിനീതിനെ ഇറക്കിയെങ്കിലും വൈകിപ്പോയി.75 ാം മിനുട്ടിൽ ലഭിച്ച സുവർണാവസരം ദുർബലായ ഷോട്ടിൽ വിനീത് നഷ്‌ടപ്പെടുത്തി. പിന്നീടുള്ള നിമിഷങ്ങളിൽ ഗോവ ഗോളടിക്കാതിരുന്നത് ബ്‌ളാസ്‌റ്റേഴ്സിന്റെ ഭാഗ്യം. അധികസമയത്തിന്റെ 92 ാം മിനുട്ടിൽ സന്തേഷ് ജിംഗാന്റെ ക്രോസ് കിർച്മാരെവിച്ച് വലയിലാക്കിയതോടെ ആശ്വാസഗോൾ. എന്നാൽ,തോൽവി നേരിട്ട് കാണാനാവാതെ ആയിരക്കണക്കിന് ബ്ളാസ്‌റ്റേഴ്സ് ആരാധകർ അപ്പോഴേക്കും സ്‌റ്റേഡിയം വിട്ടിരുന്നു.
വെൽക്കം അനസ്
ഇന്ത്യൻ താരം അനസ് എടത്തൊടിക ആദ്യമായി ബ്ളാസ്‌റ്റേഴ്സ് കുപ്പായത്തിൽ കളത്തിലിറങ്ങി.സെന്റർ ബാക്കായ അനസിന്റെ പ്രതിരോധം ഇന്നലെ തുണയായി. ഗോവ ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് അനസിലൂടെ തട്ടിയകന്നത്. അനസ് ഉൾപ്പെടെ അഞ്ചു മാറ്റങ്ങളുമായണ് ബ്‌ളാസ്‌റ്റേഴ്സ് കളത്തിലിറങ്ങിയത്,