കൊച്ചി : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിലും മതപരമായ കാര്യങ്ങളിലും സർക്കാർ ഇടപെട്ടിട്ടില്ലെന്നും അങ്ങനൊരു ഉദ്ദേശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭക്ത യുവതികളുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ടെന്നും വിശദീകരിച്ചു.
ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ സർക്കാരും മുഖ്യമന്ത്രിയും ഇടപെടുന്നത് തടയാനാവശ്യപ്പെട്ട് ചെന്നൈ സ്വദേശി ടി.ആർ. രമേഷ് നൽകിയ ഹർജിയിലാണ് സർക്കാർ ഇങ്ങനൊരു വിശദീകരണപത്രിക നൽകിയത്.
തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നാമജപത്തിന്റെ മറവിൽ പ്രതിഷേധവും അക്രമവും കാട്ടിയപ്പോൾ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതല്ലാതെ മറ്റൊന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ല.
വ്യക്തമായ അജണ്ടയോടെ ചില രാഷ്ട്രീയ പാർട്ടികൾ സുപ്രീംകോടതി വിധിക്കെതിരെ രംഗത്തെത്തി വനിതാ ഭക്തരെ തടയുകയാണ്. ഇതു നിയമവിരുദ്ധമാണ്.
യുവതികളെ തടയുന്ന പ്രതിഷേധ സമരങ്ങൾക്കെതിരെ മുൻകരുതലെടുക്കണമെന്ന് നിർദേശിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒക്ടോബർ 16ന് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതും വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും കേന്ദ്രത്തിന്റെ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
സർക്കാരിന്റെ വാദങ്ങൾ
1.തീർത്ഥാടകരുടെ സുരക്ഷാച്ചുമതല സർക്കാരിനാണ്. അതിനുവേണ്ടിയും റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും വൻതോതിൽ പണം ചെലവിടുന്നുണ്ട്. വർഷംതോറും സുരക്ഷാ ഉപകരണങ്ങൾക്ക് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു.
2.ശബരിമലയുടെയും ഭക്തരുടെയും സുരക്ഷിതത്വത്തിൽ സർക്കാരിന് താത്പര്യമുണ്ട്.
3.വർഷംതോറും കോടിക്കണക്കിന് രൂപ ദേവസ്വം ബോർഡിന് നൽകുന്നുണ്ട്. തീർത്ഥാടനം സുഗമമാക്കേണ്ടത് സർക്കാരിന്റെ കടമയാണ്.
4.യഥാർത്ഥ ഭക്തരെ തടയില്ല. എന്നാൽ ക്രമസമാധാന പാലനത്തിനും വനിതകളടക്കമുള്ള ഭക്തരുടെ സംരക്ഷണത്തിനും പൊലീസ് നടപടിയെടുക്കും.