മൂവാറ്റുപുഴ: പ്രധാന വൈദ്യുതി ലൈനിലേക്ക് തെങ്ങ് മറിഞ്ഞുവീണ് അപകടഭീഷണി ഉയർത്തുന്നു. പക്ഷേ ഇത് വെട്ടിമാറ്റി അപകടഭീഷണി ഒഴിവാക്കാൻ ആരും നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രം. മൂവാറ്റുപുഴ - ആരക്കുഴ റോഡിലെ തെക്കൻകോടു നിന്ന് തിരിഞ്ഞുപോകുന്ന പള്ളിക്കാവ് - പെരിങ്ങഴ റോഡിൽ റോഡിനുകുറുകെയാണ് വൈദ്യുതിലൈനിലേക്ക് തെങ്ങ് വീണുകിടക്കുന്നത്. നിത്യേന നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന ഈ റോഡിനോട് ചേർന്ന് രണ്ട് ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്ക് പതിവായി നിരവധി ഭക്തജനങ്ങളും എത്തുന്നുണ്ട്.
കമ്പി പൊട്ടിയാൽ ദുരന്തമുറപ്പ്
മരം വീണ് കിടക്കുന്ന 11 കെവി ലൈൻകമ്പിയുടെ ബലത്തിലാണ് കമ്പി പൊട്ടാതിരിക്കുന്നത്. മരത്തിന്റെ ഭാരം മൂലം കമ്പി കുറേശേ താഴ്ന്നുതുടങ്ങിയിട്ടുണ്ട്. ഏതുസമയവും പൊട്ടിവീഴാവുന്ന അവസ്ഥയിലാണിപ്പോൾ. വൈദ്യുതി ലൈൻ പൊട്ടി മരം വീണാൽ വൻ അപകടം ഉണ്ടായേക്കാമെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രികാലങ്ങളിലാണ് സംഭവിക്കുന്നതെങ്കിൽ യാത്രക്കാരുടെ ജീവനുവരെ ഭീഷണി ഉണ്ടാകുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. ഇതു സംബന്ധിച്ച് പരാതിപ്പെട്ടപ്പോൾ കെ.എസ്.ഇ.ബി ജീവനക്കാരെത്തി കണ്ട് മടങ്ങിയതല്ലാതെ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. വൈദ്യുതിലൈനിൽ വീണ് കിടക്കുന്ന തെങ്ങ് ഉടമ തന്നെ വെട്ടിനീക്കണമെന്ന തർക്കം നിലനിൽക്കുകയാണെന്ന് ആരോപണമുണ്ട്.
സമരം നടത്തും
തെങ്ങ് വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ കെ.എസ്.ഇ ബോർഡ് തർക്കമുന്നയിച്ച് നടപടി നീട്ടിക്കൊണ്ടുപോകുകയാണ്. ഇതിനെതിരെ ജനകീയ സമരം സംഘടിപ്പിക്കും.
റെജി കപ്യാരിട്ടേൽ,
കേരള കോൺഗ്രസ് (പി.സി) വിഭാഗം ജില്ലാ സെക്രട്ടറി.