കൊച്ചി: ശബരിമലയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് നരനായാട്ട് നടത്താനാണ് സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർത്ഥാടകർക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു.
കള്ളക്കേസും അറസ്റ്റു വാറണ്ടും വഴി തന്നെ തളയ്ക്കാമെന്നാണ് സർക്കാർ കരുതുന്നത്. അതിനേറ്റ തിരിച്ചടിയാണ് തനിക്കും തന്ത്രിക്കുമെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച കോടതിയലക്ഷ്യ അപേക്ഷ തള്ളിയത്. വിശ്വാസികളുടെ ഒപ്പം ഏതറ്റം വരെയും പോകും. ജയിലിൽ കിടക്കാനും തയ്യാറാണ്.
സമ്മേളനം വി. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി നേതാക്കളായ എം.ടി. രമേശ്, പി.എം. വേലായുധൻ, എൻ.കെ. മോഹൻദാസ്, ബി.ഡി.ജെ.എസ് നേതാക്കളായ സുഭാഷ് വാസു, അരയാക്കണ്ടി സന്തോഷ്, വി. ഗോപകുമാർ, എ.ബി. ജയപ്രകാശ്, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.
അയ്യപ്പന്റെ പൈതൃകം പേറുന്ന മുഹമ്മയിലെ ചീരപ്പൻചിറ കുടുംബാംഗങ്ങളായ എസ്. കേശവലാലും ബാലസുബ്രഹ്മണ്യനും സമ്മേളനത്തിൽ പങ്കെടുത്തു.
തൃപ്പൂണിത്തുറയ്ക്കു പുറമേ പറവൂരിലും മൂവാറ്റുപുഴയിലും ആവേശകരമായ സ്വീകരണം ലഭിച്ചു. ആയിരങ്ങൾ പങ്കെടുത്തു.
രഥയാത്ര ഇടുക്കിയിലെ തൊടുപുഴയിൽ ഇന്നലെ സമാപിച്ചു. എരുമേലി വഴി യാത്ര ഇന്ന് പത്തനംതിട്ടയിലെത്തും.