കൊച്ചി : ജാതി മത ഭേദമെന്യേ വിശ്വാസികൾക്ക് ആരാധന നടത്താവുന്ന ക്ഷേത്രമാണ് ശബരിമലയെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ആദിവാസികളുടെ ആരാധനാലയമായിരുന്നെന്നും ബുദ്ധ ക്ഷേത്രമായിരുന്നെന്നും വാദങ്ങളുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ശബരിമലയിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹൻദാസ് നൽകിയ ഹർജിയിൽ സർക്കാർ ഉന്നയിച്ച പ്രാഥമിക തടസവാദത്തിലാണ് ഇക്കാര്യം പറയുന്നത്. വിവിധ മതവിശ്വാസികൾ സന്നിധാനത്തെത്തി പ്രാർത്ഥിക്കുന്നുണ്ട്. സന്നിധാനത്തോടു ചേർന്നുള്ള വാവര് നടയിൽ മുസ്ളീങ്ങൾ പ്രാർത്ഥനയ്ക്കെത്താറുണ്ട്. തുടർന്ന് ശബരിമല ദർശനവും നടത്താറുണ്ട്. എരുമേലിയിലെ വാവര് പള്ളിയിൽ കയറി അയപ്പഭക്തർ പ്രാർത്ഥിക്കാറുണ്ട്. പ്രസിദ്ധമായ പേട്ടതുള്ളൽ തുടങ്ങുന്നത് വാവര് പള്ളിയിൽ നിന്നാണ്.
അയ്യപ്പനെ പാടിയുറക്കാനുള്ള ഹരിവരാസനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസ് അയ്യപ്പഭക്തനാണ്. അദ്ദേഹം ദർശനത്തിനെത്താറുണ്ട്. ക്രിസ്തുമത വിശ്വാസികളും മുസ്ളീങ്ങളും ശബരിമലയിൽ ദർശനത്തിനെത്തുന്നുണ്ട്. ആ നിലയ്ക്ക് മതേതര സ്വഭാവമുള്ള ക്ഷേത്രമാണ് ശബരിമലയെന്നും റവന്യു (ദേവസ്വം) അഡി. സെക്രട്ടറി എം. ഹർഷൻ രേഖാമൂലം നൽകിയ തടസവാദത്തിൽ പറയുന്നു.
അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹർജിയിൽ വഖഫ് ബോർഡ്, മുസ്ളിം സംഘടനകൾ, മറ്റു മത സംഘടനകൾ, ആദിവാസി സംഘടനകൾ തുടങ്ങിയവരുടെ വാദം കൂടി കേൾക്കണമെന്നും ഇതിനായി അവരെ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.