high-court

കൊച്ചി : മണ്ഡല മകര വിളക്ക് സീസണിൽ ശബരിമലയിലെത്തുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ, ടി.എസ്. ബൈജു തുടങ്ങിയവർ നൽകിയ ഹർജിയിൽ ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു.

സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഡി.ജി.പി, പത്തനംതിട്ട ജില്ലാ കളക്ടർ തുടങ്ങിയവരാണ് എതിർ കക്ഷികൾ. ഭക്തർക്ക് ഒാൺലൈൻ പാസും വാഹനങ്ങൾക്ക് പൊലീസ് പാസും ഏർപ്പെടുത്തിയതിനു പുറമേ ദർശന സമയം 48 മണിക്കൂറായി നിജപ്പെടുത്തിയെന്നും റെഡ് വോളന്റിയർമാരെ നിയോഗിക്കാൻ ശ്രമമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. നിലയ്ക്കൽ - പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രം അനുമതി നൽകിയതും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. പ്രതിവർഷം അഞ്ച് കോടി ഭക്തരാണ് ദർശനത്തിന് എത്തുന്നത്. സാധാരണക്കാർക്ക് ഒാൺലൈൻ ബുക്കിംഗ് സാദ്ധ്യമാവില്ല. വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കും. നിലയ്ക്കലിൽ ഗതാഗതക്കുരുക്കിന് കാരണമാവും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള പാസിന്റെ കാര്യത്തിൽ വ്യക്തതയില്ല. ഭരണകക്ഷിയിലുള്ളവരെ വോളന്റിയർമാരായി നിയമിക്കുന്നത് തടയണം. വിമുക്ത ഭടന്മാരെയോ അയ്യപ്പ സേവാ സംഘത്തെയോ അയ്യപ്പ സേവാ സമാജത്തെയോ ഇതിനായി പരിഗണിക്കണമെന്നും ഹർജിയിൽ പറയുന്നു. സർക്കാരിന്റെ നിയന്ത്രണങ്ങൾ ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണം കുറയ്ക്കുമെന്നും ഹർജിക്കാർ ആരോപിക്കുന്നു.