bjp
ശബരിമല സംരക്ഷണ യാത്ര തൃപ്പൂണിത്തറയിൽ എത്തിയപ്പോൾ. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള എന്നിവർ

കൊച്ചി: ശബരിമല വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാമെന്ന് സമ്മതിച്ച സർക്കാർ ജനവികാരത്തിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ നടപ്പാക്കാനാകാത്ത ഉട്ടോപ്യൻ കാര്യങ്ങളാണ് സർക്കാർ നിർദ്ദേശിക്കുന്നത്. സർവകക്ഷി യോഗം വിളിക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു. വൈകിയെങ്കിലും സർക്കാരിന് നല്ല ബുദ്ധി തോന്നിയതിൽ സന്തോഷമുണ്ട്. ബുദ്ധിയില്ലാത്ത പെരുമാറ്റമാണ് സർക്കാർ നടത്തിയത്.

പൊലീസിന്റെ പാസ് വാങ്ങി വേണം ശബരിമലയ്ക്ക് വരാനെന്ന വ്യവസ്ഥ അപ്രായോഗികമാണ്. സംസ്ഥാനത്തിന് പുറത്തുനിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയ്ക്ക് വരുന്നത്. അവർക്ക് ആരാണ് പാസ് നൽകുക. വീട്ടിൽ നിലവിളക്ക് കത്തിക്കാൻ ഫയർഫോഴ്സിന്റെ എൻ.ഒ.സി വേണമെന്ന നിയമം വരുമോയെന്നും സംശയിക്കണം.

വിശ്വാസികളായ മഹാഭൂരിപക്ഷത്തിന് നേരെ അന്യമതക്കാരും നിരീശ്വരവാദികളുമായ കുറച്ചുപേർ യുദ്ധം ചെയ്യുകയാണ്. അവരാണ് ശബരിമല സംരക്ഷണ യാത്രയെ സവർണ യാത്രയെന്ന് വിളിച്ച് വിശ്വാസികളെ വിഘടിപ്പിക്കാൻ ശ്രമിച്ചത്. എസ്.എൻ.ഡി.പി യോഗം യാത്രയ്ക്ക് എതിരാണെന്ന് മാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിച്ചു. വിശ്വാസികൾക്കൊപ്പമാണ് യോഗമെന്ന് സുവ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ചേരിതിരിവ് ഫലിക്കാതെ വന്നപ്പോൾ എൻ.എസ്.എസിന് നേരെയാണ് ആക്രമണം. കരയോഗ മന്ദിരങ്ങൾ ആക്രമിച്ചും ജനറൽ സെക്രട്ടറിക്ക് റീത്തുവച്ചും നാണം കെട്ട പ്രവൃത്തികളാണ് സി.പി.എം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.