കൊച്ചി: ശബരിമല വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന‌് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട‌്. തീരുമാനം എന്തായാലും സർക്കാർ അംഗീകരിക്കും. വനിതാ പൊലീസുകാരുടെ ജനനസർട്ടിഫിക്കറ്റ‌് പരിശോധിച്ചുവെന്ന ആർ.എസ‌്.എസ‌് നേതാവ‌് വത്സൻ തില്ലങ്കേരിയുടെ പ്രസ‌്താവന അസംബന്ധവും അൽപ്പത്തവുമാണ‌്. സന്നിധാനത്ത‌് എല്ലാം തങ്ങളാണ‌് ചെയ്യുന്നതെന്ന‌് വരുത്തിത്തീർക്കാനാണ‌് ആർ.എസ‌്.എസ‌് ശ്രമം. പ്രകോപനം ഉണ്ടാക്കരുതെന്നതിന്റെ അടിസ്ഥാനത്തിലാണ‌് സർക്കാർ 50 വയസുകഴിഞ്ഞ വനിതാ പൊലീസുകാരെ സന്നിധാനത്ത‌് നിയോഗിച്ചത്.
ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ നിയമനത്തിൽ സാങ്കേതികമായും നിയമപരമായും പിഴവുകളില്ല. വിവാദങ്ങൾ ഒഴിവാക്കാൻ രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നു. ഒരു ക്ഷേത്രം കത്തിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്നു പറഞ്ഞത‌് ഇ.എം.എസാണെന്ന കെ. സുധാകരന്റെ പ്രസ‌്താവന അജ്ഞതയാണ‌് വെളിവാക്കുന്നതെന്നും കോടിയേരി പറഞ്ഞു.