കൊച്ചി : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാനാവുമെന്ന് കേരള ഹൈക്കോടതിയാണ് ആദ്യം പറഞ്ഞത്. 27 വർഷങ്ങൾക്കു ശേഷവും ഇതേ വിഷയം കോടതി കയറുമ്പോൾ ഹൈക്കോടതി അന്നു പറഞ്ഞത് സത്യമായി തീരുന്നു. ജസ്റ്റിസ് കെ. പരിപൂർണൻ, ജസ്റ്റിസ് കെ.ബി. മാരാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സ്ത്രീ പ്രവേശനം അനുവദിക്കാനാവുമോ എന്നാണ് അന്ന് പരിഗണിച്ചത്. 1991 ഏപ്രിൽ അഞ്ചിനാണ് ഹർജിയിൽ വിധി പറഞ്ഞത്.
കേസിന്റെ വഴി
ചങ്ങനാശേരി പെരുന്ന കെ.പി.എസ് ഭവനിൽ എസ്. മഹേന്ദ്രൻ എഴുതിയ കത്താണ് ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ ഹർജിയായി മാറിയത്. ജസ്റ്റിസ് കെ. പരിപൂർണന് എഴുതിയ കത്തിൽ ആചാരങ്ങളും വിശ്വാസങ്ങളും ലംഘിച്ച് സ്ത്രീകൾ മല ചവിട്ടുന്നതിനെക്കുറിച്ച് പരാതി പറയുന്നുണ്ട്. മുൻ ദേവസ്വം കമ്മിഷണർ ജെ. ചന്ദ്രികയുടെ ചെറുമകൾക്ക് ശബരിമലയിൽ ചോറൂണ് നൽകിയതും വി.ഐ.പികൾക്ക് പ്രത്യേക പരിഗണന നൽകുന്നതും കത്തിൽ പരാമർശിച്ചിരുന്നു. ചോറൂണിന്റെ ചിത്രം അച്ചടിച്ചുവന്ന പത്രവാർത്തയും ഇതോടൊപ്പം ഉൾപ്പെടുത്തിയിരുന്നു. പരാതിക്കത്ത് പൊതുതാത്പര്യ ഹർജിയായി സ്വമേധയാ പരിഗണിച്ച ഡിവിഷൻബെഞ്ച് സീനിയർ അഭിഭാഷകനായ പി. ബാലഗംഗാധര മേനോനെ അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു. സർക്കാരിനും ദേവസ്വം ബോർഡിനും പുറമേ കേരള ക്ഷേത്ര സംരക്ഷണ സമിതി, ഇന്ത്യൻ ഫെഡറേഷൻ ഒഫ് വിമെൻ ലായേഴ്സിന്റെ കേരള ഘടകം തുടങ്ങിയവരും കേസിൽ കക്ഷി ചേരാനെത്തിയിരുന്നു.
ചന്ദ്രിക പറഞ്ഞത്
1984 ജൂലായ് 13 ന് ചന്ദ്രികയുടെ മകളുടെ വിവാഹം കഴിഞ്ഞിട്ടും ദീർഘനാളുകളായി കുട്ടികളുണ്ടായില്ല. പേരക്കുട്ടി ജനിച്ചാൽ ശബരിമലയിൽ ചോറൂണ് നൽകാമെന്ന് നേർച്ച നേർന്നിരുന്നു. കുട്ടി ജനിച്ചതോടെ ഒരു ചിങ്ങമാസ പൂജയ്ക്ക് നട തുറന്നപ്പോൾ ചോറൂണ് നേർച്ച നടത്തിയെന്നും ചന്ദ്രിക നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. മണ്ഡല മകരവിളക്ക് സീസണിലും വിഷുപൂജയ്ക്കും മാത്രമാണ് യുവതീ പ്രവേശനം തടഞ്ഞിട്ടുള്ളത്. മാസപൂജയ്ക്ക് നട തുറക്കുമ്പോൾ സ്ത്രീകൾ ദർശനത്തിനെത്താറുണ്ടെന്നും ഇത് ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാസപൂജയ്ക്ക് സ്ത്രീകൾ ദർശനത്തിനെത്തുന്നുണ്ടെന്ന നിലപാടാണ് ദേവസ്വം ബോർഡും അന്ന് സ്വീകരിച്ചത്.
ഹൈക്കോടതി വ്യക്തമാക്കിയത്
പത്തിനും 50 നുമിടയിൽ പ്രായമുള്ള സ്ത്രീകൾ മല ചവിട്ടാനോ ശബരിമലയിൽ ദർശനം നടത്താനോ പാടില്ല. ദേവസ്വം ബോർഡ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ല. ഇൗ നിയന്ത്രണം 1965 ലെ ഹിന്ദു പബ്ളിക് പ്ളേസസ് ഒഫ് വർഷിപ്പ് ആക്ടിലെ വ്യവസ്ഥകൾക്കും എതിരല്ല. പത്തിനും 50 നുമിടയിൽ പ്രായമുള്ള സ്ത്രീകൾ മല ചവിട്ടുന്നതും ദർശനം നടത്തുന്നതും ദേവസ്വം ബോർഡ് അനുവദിക്കരുത്. സംസ്ഥാന സർക്കാർ ഇതിനാവശ്യമായ സഹായങ്ങളും നടപടികളും സ്വീകരിക്കണം.