കൊച്ചി : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചിട്ടില്ലാത്തതിനാൽ മണ്ഡല - മകരവിളക്ക് സീസണിൽ വനിതകൾക്ക് മല ചവിട്ടാനും ദർശനം നടത്താനും നിയമപരമായി വിലക്കില്ല. സെപ്തംബർ 28 ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് ഇന്നലെ സുപ്രീംകോടതി സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ശബരിമലയിൽ യുവതീ പ്രവേശനത്തിന് നിയമപരമായ തടസമില്ലെന്ന് അഭിഭാഷകരടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു.
അഡ്വ. കാളീശ്വരം രാജ് (സുപ്രീംകോടതി അഭിഭാഷകൻ)
ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്നു. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അവകാശമുണ്ട്. ഇതിന് അവർ ആവശ്യപ്പെട്ടാൽ സുരക്ഷയും സൗകര്യവും ഒരുക്കാനുള്ള ബാദ്ധ്യത സർക്കാരിനുമുണ്ട്. സ്റ്റേ ഇല്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. മണ്ഡല- മകര വിളക്ക് സീസണിൽ യുവതികൾ മല ചവിട്ടിയാൽ ജനുവരി 22ന് ഹർജികൾ പരിഗണിക്കുന്നതിൽ അർത്ഥമുണ്ടോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് കോടതി ഇതിനകം തന്നെ വിധി പറഞ്ഞുകഴിഞ്ഞു. ഇതിനെതിരായ ഹർജിയിൽ സ്റ്റേയുമില്ല. ആ നിലയ്ക്ക് കോടതിയുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണ്. യുവതികൾക്ക് വിലക്ക് ഏർപ്പെടുത്തിയ 1991 ലെ ഹൈക്കോടതി വിധിയാണ് പാലിക്കേണ്ടതെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് അഭിപ്രായമുണ്ടാകുന്നുണ്ട്. അതു തെറ്റാണ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് പാലിക്കേണ്ടത്.
അഡ്വ. ശിവൻ മഠത്തിൽ (പ്രമുഖ അഭിഭാഷകൻ)
ശബരിമലയിലെ യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് സുപ്രീംകോടതിയുടെ സെപ്തംബർ 28 ലെ വിധി തുടരണം.1957 ലെ ഏഴംഗ ബെഞ്ച് ആചാരാനുഷ്ഠാന പ്രശ്നങ്ങളിൽ കോടതി ഇടപെടരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ പോലും ഇടപെടരുതെന്നാണ്. ഇതു നിലനിൽക്കെയാണ് ഇവിടെ ആചാരാനുഷ്ഠാനങ്ങൾ പരിഗണിച്ചത്. ഇതുകൂടി പുതിയ ഹർജികളിൽ പരിഗണിക്കേണ്ടതുണ്ട്. എന്നാലും സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം നിലനിൽക്കും. ഉദാഹരണത്തിന് ചില കേന്ദ്രങ്ങളിൽ സസ്യഭക്ഷണം മാത്രമേ പാടുള്ളൂവെന്നിരിക്കെ മാംസഭക്ഷണം വേണമെന്നും മൗലികാവകാശമാണെന്നും വാദിച്ച് കോടതിയെ സമീപിച്ചാൽ ഭരണഘടനാപരമായ അവകാശം നിലനിൽക്കും. പക്ഷേ, ചില നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കുമെന്നു മാത്രം.