കൊച്ചി : പലകാര്യങ്ങളിലും ശക്തമായ നിലപാടുള്ള മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഫ്ളക്‌സ് നിയന്ത്രണ വിഷയത്തിൽ ഇടപെടാത്തതെന്നും അദ്ദേഹത്തിന്റെ ഒരു ഫോൺകോളിൽ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. അനധികൃത ഫ്ളക്സ് - പരസ്യ ബോർഡുകൾക്ക് എതിരായ ഹർജി പരിഗണിക്കവെ സിംഗിൾബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ഹർജിയിൽ ചീഫ് സെക്രട്ടറി, ഡി.ജി.പി, ഇലക്ഷൻ കമ്മിഷൻ എന്നിവരെ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി ഇവർ ശുപാർശകൾ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കറ്റാനത്ത് പള്ളിക്കു മുന്നിലെ അനധികൃത ഫ്ളക്സുകൾ നീക്കം ചെയ്യാൻ പള്ളിഅധികൃതർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കാനുള്ള ഹൈക്കോടതി ഉത്തരവനുസരിച്ച് സർക്കാർ നടപടിയെടുക്കുമ്പോൾ ഭരണകക്ഷികൾ തന്നെ ഇത്തരം ബോർഡുകൾ വയ്ക്കുന്നു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. കോടതിയെ പരിഹസിക്കുന്ന തരത്തിൽ കോടതിക്ക് മുന്നിൽ തന്നെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നു. വികസിത രാജ്യങ്ങളിലൊന്നും ഫ്ളക്സ് ബോർഡുകൾ നിലവിലില്ല. കൊൽക്കത്തയിൽ ഇത്തരമൊരു ബോർഡ് താഴെ വീണ് അത്യാഹിതമുണ്ടായി. 30,000 ബോർഡുകൾ ഇതിനകം നീക്കി. ഫ്ളക്സ് ബോർഡുകൾ നിമിത്തമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ നല്ല പരിസ്ഥിതിയിൽ ജീവിക്കാനുള്ള പൗരാവകാശത്തിന്റെ ലംഘനമാണ്. തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ പരിഗണന വേണ്ട വിഷയമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.