കൊച്ചി : വിവിധ ഗവേഷണ മേഖലകളിൽ മികവു പുലർത്തുന്നവർക്കുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരത്തിന് മലയാളി ശാസ്ത്രജ്ഞൻ പ്രൊഫ. എസ്.കെ. സതീഷ് അടക്കം ആറു പേരെ തിരഞ്ഞെടുത്തു. ഭൗതിക ശാസ്ത്രത്തിലെ മികവിനാണ് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ (ഐ.ഐ.എസ്.സി) അറ്റ്‌മോസ്‌ഫെറിക് ആൻഡ് ഓഷ്യാനിക് സയൻസ് പ്രൊഫസറും ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് ഡയറക്ടറുമായ
എസ്.കെ. സതീഷ് അവാർഡിനർഹനായത്. നെയ്യാറ്റിൻകര സ്വദേശിയാണ്. 72 ലക്ഷം രൂപയും (ഒരു ലക്ഷം അമേരിക്കൻ ഡോളർ) സ്വർണപ്പതക്കവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ പ്രൊഫസറും സെന്റർ ഫോർ നാനോ സയൻസ് ആൻഡ് എൻജിനിയറിംഗ് ചെയർപേഴ്‌സണുമായ നവകാന്ത ഭട്ട് (എൻജിനിയറിംഗ് ആൻഡ് കമ്പ്യൂട്ടർ സയൻസ്), ജെ.എൻ.യു സർവകലാശാല സ്‌കൂൾ ഒഫ് ആർട്ട്‌സ് ആൻഡ് എയ്‌സ്‌തെസ്റ്റിക്‌സ് ഡീനും പ്രൊഫസറുമായ കവിതാസിംഗ് (മാനവിക വിഷയങ്ങൾ), മുംബയ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിലെ ബയോളജിക്കൽ സയൻസ് വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ രൂപ് മാലിക്ക് (ജീവശാസ്ത്രം), ഫ്രാൻസ് യൂണിവേഴ്‌സിറ്റി ഒഫ് സ്ട്രാസ്ബർഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിലെ മാത്തമാറ്റിക്‌സ് ചെയറും പ്രൊഫസറുമായ നളിനി അനന്തരാമൻ (ഗണിത ശാസ്ത്രം), ചിക്കാഗോ സർവകലാശാലയിലെ കമ്പ്യൂട്ടേഷൻ ആൻഡ് ബിഹേവിയറൽ സയൻസ് പ്രൊഫസറും ജോർജ് സി.ടിയോ ഫാക്കൽട്ടി ഫെലോയുമായ സെന്തിൽ മുല്ലൈനാഥൻ (സാമൂഹ്യശാസ്ത്രം) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.