ramesh-chennithala

കൊച്ചി: പുനഃപരിശോധനാ ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ച സാഹചര്യത്തിൽ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിൽ യുവതീപ്രവേശനം ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കടുംപിടിത്തം അവസാനിപ്പിച്ച് പക്വവും പ്രായോഗികവും യുക്തിപൂർവവുമായ നിലപാട് സ്വീകരിക്കണം. യുവതികൾ പ്രവേശിക്കുന്നതിനോട് 90 ശതമാനം ജനങ്ങളും അനുകൂലമല്ല. പിടിവാശി ഉപേക്ഷിക്കാൻ മുഖ്യമന്ത്രിയും തയ്യാറാകണം. തീർത്ഥാടനകാലത്ത് അരക്ഷിതാവസ്ഥ ഒഴിവാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. സർവകക്ഷി യോഗത്തിൽ കോൺഗ്രസും യു.ഡി.എഫും ഇക്കാര്യം ഉന്നയിക്കും.റിവ്യൂ ഹർജികൾ പരിഗണിക്കാനുള്ള തീരുമാനം ശബരിമല വിഷയം ഗൗരവമുള്ളതാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ്. ശബരിമലയെ കലാപഭൂമിയാക്കാൻ ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്ന നീക്കങ്ങളുടെ ഉത്തരവാദി സർക്കാരാണ്.