mvpa-145
പോത്താനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ പോത്താനിക്കാട് ഗവ. ആശുപത്രിയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പണികഴിപ്പിച്ച ആധുനിക ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിൻസൻ ഇല്ലിക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി അബ്രഹാം, വൈസ് പ്രസിഡന്റ് സജി കെ.വർഗീസ്, ബിന്ദു ജയകുമാർ, സെബാസ്റ്റ്യൻ പറമ്പിൽ, പ്രിയ എൽദോസ് ,അലക്‌സി സ്‌കറിയ,മേരി തോമസ്, ഗീത ശശി, ലീലാമ്മ ജോസഫ്,ആൻസി മാനുവൽ, ജേക്കബ് മണിത്തോട്ടം, ജിമ്മി കെ തോമസ്, ഡോ. സുജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

1950ൽ സ്ഥാപിതമായ ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു . ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നനുവദിച്ചിരിക്കുന്ന തുക ഉപയോഗിച്ച് നിർമ്മിക്കുന്ന അത്യാധുനിക ലബോറട്ടറി മന്ദിരത്തിന്റെയും ആശുപത്രിയിലെയ്ക്കുള്ള കുടിവെള്ള പദ്ധതിയുടെയും നിർമ്മാണം പൂർത്തിയായി വരികയാണ്. വാഹന പാർക്കിംഗിനായി പ്രത്യേക സൗകര്യങ്ങളും ചുറ്റുമതിൽ നിർമ്മാണവും ഉടൻ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം വിൻസൻ ഇല്ലിക്കൽ പറഞ്ഞു. ആരോഗ്യ വകുപ്പിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചുള്ള മറ്റു നിർമ്മാണ പ്രവൃത്തികളും ഉടൻ പൂർത്തിയാക്കുമെന്ന് എൽദോ എബ്രാഹാം എം.എൽ.എ അറിയിച്ചു.