mvpa-149
മൂവാറ്റുപുഴ ടൗൺ വികസനത്തിന്റെ ഭാഗമായി വെള്ളൂർകുന്നത്ത് ഉദ്യോഗസ്ഥ സംഘം സംയുക്ത സ്ഥലപരിശോധന നടത്തുന്നു


മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺ വികസനവുമായി ബന്ധപ്പെട്ട് സർവേ നടപടികളും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്ഥലപരിശോധന ആരംഭിച്ചു. എൽ.എ തഹസിൽദാർ കെ.എം. എൽദോ, ഡെപ്യൂട്ടി തഹസിൽദാർ കെ. മനോജ്, റവന്യൂ ഇൻസ്‌പെക്ടർമാരായ ജെ.സിമി, ബിനു വക്കച്ചൻ, സർവേയർ ജോൺ വർഗീസ്, കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എൻജിനിയർ ജ്യൂഡിത്ത് മേരി മാത്യു, പൊതുമരാമത്ത് അസി.എക്‌സിക്യുട്ടീവ് എൻജിനിയർ എൻ.പി. ഗിരിജ, അസി. എൻജിനിയർ ബേബി ബിന്ദു, ഓവർസീയർ എൻ.ആർ.സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകുന്നത്.

മൂവാറ്റുപുഴ ടൗൺവികസനവുമായി ബന്ധപ്പെട്ട് ഇനി 53പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 32.14കോടി രൂപ കിഫ്ബിയിൽ നിന്നനുവദിച്ചിട്ടുണ്ട്. ഇന്നലെ വെള്ളുർകുന്നം വില്ലേജിന്റെ പരിധിയിൽപെട്ട പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. പലസ്ഥലങ്ങളിലും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സർവ്വേക്കല്ലുകൾ അപ്രത്യക്ഷമായിരിക്കുകയാണ്. വീണ്ടും സ്ഥലം അളന്ന് കല്ലുകൾ സ്ഥാപിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനുശേഷമാണ് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും പൊളിക്കേണ്ട കെട്ടിടത്തിന്റെയും കണക്കെടുപ്പ് നടത്തുന്നത്.

നിലവിൽ 82പേരുടെ സ്ഥലമേറ്റെടുത്ത് കഴിഞ്ഞു. ഏറ്റെടുത്ത സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനുള്ള 15ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ നടപടി വേഗത്തിലാക്കും. കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്ന സ്ഥലത്ത് താത്കാലിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുവദിച്ച 35ലക്ഷം രൂപയ്ക്കും അനുമതിയായിട്ടുണ്ട്.

 നടപടി വേഗത്തിലാകും

ടൗൺ വികസനം, ബൈപാസ് നിർമ്മാണം സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ സർവേയർമാരെ നിയമിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.