കൊച്ചി:ശബരിമല വിഷയത്തിൽ തിരശീലയ്‌ക്കു പിന്നിൽ മറഞ്ഞിരുന്ന് ചിലർ മുതലെടുക്കുമോയെന്ന് ആശങ്കയുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കലാപകാരികൾ നുഴഞ്ഞു കയറാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാക്രമീകരണങ്ങൾ അനിവാര്യമാണെന്നും ദേവസ്വം ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കിയതിനെതിരെ കാക്കനാട് എം.ജി.എസ് ലോജിസ്റ്റിക്‌സ് മാനേജിംഗ് പാർട്ണർ എം.എസ്. അനിൽ കുമാർ നൽകിയ ഹർജിയിലാണ് വിശദീകരണം.
സുപ്രീംകോടതി വിധിയെ തുടർന്ന് ആരൊക്കെയോ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. വാഹനങ്ങൾക്ക് പൊലീസ് പാസ് ഏർപ്പെടുത്തുന്നത് ഭക്തരെ ബുദ്ധിമുട്ടിക്കുമെന്നും ട്രാവൽ ഒാപ്പറേറ്റർമാരായ തങ്ങൾ പാസിന് സമീപിക്കുമ്പോൾ ഭക്തരുടെ വിവരങ്ങൾ പൊലീസ് ആവശ്യപ്പെടുമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പൊലീസ് പാസ് ഏർപ്പെടുത്തുന്നത് ട്രാവൽ ഒാപ്പറേറ്റിംഗ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം ബുദ്ധിമുട്ടുകൾ ഭക്തരുടെ എണ്ണം കുറയ്‌ക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
സുരക്ഷാ ഭീഷണിയുള്ളതിനാൽ പൊലീസ് ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നും വാഹനങ്ങൾ പരിശോധിക്കാൻ അധികാരമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലോക്കൽ പൊലീസിന്റെ പാസ് വാങ്ങുന്നതോടെ നിലയ്ക്കലിൽ ഭക്തരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം മുൻകൂട്ടി ഒരുക്കാനാവുമെന്നും വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ തിരിച്ചറിഞ്ഞ് അടിയന്തര നടപടികൾ സ്വീകരിക്കാൻ പാസ് സഹായിക്കുമെന്നും സർക്കാർ വിശദീകരിച്ചു.
അന്യ സംസ്ഥാന വാഹനങ്ങൾ അതത് സ്ഥലങ്ങളിൽ നിന്ന് പാസെടുക്കണം. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി. പൊലീസ് പാസ് പ്രഥമദൃഷ്ട്യാ ബുദ്ധിമുട്ടായി തോന്നുമെങ്കിലും സുരക്ഷാ ക്രമീകരണം അനിവാര്യമാണെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.
സുരക്ഷാ പ്രശ്നമുള്ളതിനാൽ സർക്കാരിന് മറ്റ് എന്തു ചെയ്യാനാവും ? സമാന വിഷയത്തിൽ ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബെഞ്ച് നിലപാട് എടുത്തിരുന്നെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രയാറിന്റെ ഹർജിയിൽ വിശദീകരണം തേടി
ഭക്തർക്ക് ദർശനത്തിന് 48 മണിക്കൂറേ അനുവദിക്കൂ, നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകില്ല തുടങ്ങിയ നിയന്ത്രണങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.