കൊച്ചി: അഭിമന്യു വധക്കേസിൽ പിടിയിലായ പ്രതികളുടെ കുറ്റപത്രം വിഭജിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി വിചാരണ നടപടികൾക്കായി പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് സമർപ്പിച്ചു. കേസിലെ ഒന്നു മുതൽ എട്ടു വരെ പ്രതികളായ ജെ.ഐ. മുഹമ്മദ് (21), ആരിഫ് ബിൻ സലീം (25), റിയാസ് ഹുസൈൻ (37), ബിലാൽ സജി (18), ഫാറൂഖ് അമാനി (19), റെജീബ് (25), അബ്ദുൾ നാസർ (24), ആദിൽ ബിൻ സലീം (23) എന്നിവരുടെയും പതിമൂന്നാം പ്രതി സനീഷിന്റെയും വിചാരണ നടപടികളാണ് ഒരുങ്ങുന്നത്.
ഇൗ കേസിലെ രേഖകൾ പരിശോധിക്കുക, പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് നൽകുക തുടങ്ങിയ നടപടി പൂർത്തിയാക്കിയ ശേഷമാണ് കുറ്റപത്രം കൈമാറിയത്. അഭിമന്യു വധക്കേസിൽ വിചാരണ തീരുമാനിക്കേണ്ടത് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്. 16 പേർക്കെതിരെയാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ഇതിൽ ഷിഫാസ് (23), സഹൽ (18), ജിസൽ റസാഖ് (21), മുഹമ്മദ് ഷാലി (31) ,ഫയസ് (20), തൻസിൽ (25), സാഹിദ് (26) എന്നിവർ ഒളിവിലാണ്. ഇവരെ പിടികൂടുന്ന മുറയ്ക്ക് പിന്നീട് വിചാരണ നടത്തും.