മൂവാറ്റുപുഴ: രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു. ലക്ഷക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തിയ കേന്ദ്ര സർക്കാർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുന്നില്ല. മാറാടി മണ്ഡലം കോൺഗ്രസ് നേതൃത്വ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ മണ്ഡലം പ്രസിഡന്റ് സാബു ജോണ് അദ്ധ്യക്ഷത വഹിച്ചു . ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, കെ.പി.സി.സി അംഗങ്ങളായ മുഹമ്മദ് ബഷീർ വർഗീസ് മാത്യു, പായിപ്ര കൃഷ്ണൻ, ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ, കെ.എം. പരീത്, പി.പി. എൽദോസ്, പി. വി. കൃഷ്ണൻ നായർ, ഉല്ലാസ് തോമസ്, ബ്ലോക്ക് പ്രസിഡന്റ് പി.എസ്. സലിം ഹാജി, കെ.എം.സലിം എന്നിവർ പ്രസംഗിച്ചു.