കോലഞ്ചേരി: ഗണിതപഠനം രസകരമാക്കാൻ കുമ്മനോട് ഗവ. യു.പി സ്കൂളിൽ ഗണിതക്കട തുടങ്ങി . കടയിൽ വില്പനയ്ക്ക് കുട്ടികളും അദ്ധ്യാപകരുമെത്തിച്ച പച്ചക്കറിയും പഴങ്ങളും നിറഞ്ഞപ്പോൾ വില്പനക്കാരും വാങ്ങുന്നവരും കുട്ടികൾ തന്നെയായി. തൂക്കങ്ങളെയും വിലയേയും കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. വാങ്ങാനെത്തിയവർ വില പറഞ്ഞും വില്പനക്കാരൻ തൂക്കം നോക്കിയും വില്പന പൊടിപൊടിച്ചപ്പോൾ കുട്ടികൾക്ക് കിട്ടിയത് തൂക്കങ്ങളുടെയും വില്പന വിലയുടെയും വലിയ ഗണിത പാഠമായിരുന്നു. ഗണിതക്കടയുടെ ഉദ്ഘാടനം ബി.പി.ഒ രമാഭായി നിർവവഹിച്ചു. പ്രധാന അദ്ധ്യാപിക ലില്ലിക്കുട്ടി അദ്ധ്യക്ഷയായി. ഗണിതാദ്ധ്യാപകരായ പ്രിയാകുമാരി, വി. നസീമ,സൂസൻ അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി. സിന്ധു രാജൻ, ടി. നജീല, ജി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.