കൊച്ചി : ശബരിമലയിൽ മണ്ഡല മകര വിളക്കു സീസണോടനുബന്ധിച്ച് താത്കാലിക ജീവനക്കാരെ നിയമിക്കാൻ സ്വീകരിച്ച നടപടിക്രമങ്ങൾ വിശദീകരിക്കാൻ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. തിങ്കളാഴ്ച വിശദീകരണം നൽകണമെന്നും ദേവസ്വം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ശബരിമലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ദിവസക്കൂലിക്ക് ആളെ നിയമിച്ചെന്നാരോപിച്ച് ചേർത്തല തുറവൂർ സ്വദേശി ഗോകുൽ. ജി. കമ്മത്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ 2000 അപേക്ഷകരിൽ നിന്ന് 1680 പേരെ താത്കാലികമായി നിയമിച്ചെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചിരുന്നു.
പൊലീസ് പാസിനെതിരായ ഹർജി ഇന്ന്
ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പൊലീസ് പാസ് ഏർപ്പെടുത്തിയതിനെതിരെ കാക്കനാട് എം.ജി.എസ് ലോജിസ്റ്റിക്സ് മാനേജിംഗ് പാർട്ണർ എം.എസ്. അനിൽകുമാർ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കാൻ മാറ്റി.
അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന ഹർജി പിന്നീട് പരിഗണിക്കും
ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹൻദാസ് നൽകിയ ഹർജി ഡിവിഷൻബെഞ്ച് പിന്നീട് പരിഗണിക്കാൻ മാറ്റി.
ജനം ടി.വിയുടെ ഹർജി ഇന്ന് പരിഗണിക്കും
ശബരിമലയിലെ മണ്ഡല മകര വിളക്ക് സീസണോടനുബന്ധിച്ച് ഇന്നുമുതൽ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ടിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനം ടി.വി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് പരിഗണിക്കും