കൊച്ചി : എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യ പി.എം. ഷഹലയെ കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ കണ്ണൂർ ചാവശേരി സ്വദേശി ഡോ. എം.പി. ബിന്ദുവിന് നിയമനം നൽകാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. തന്നെ തഴഞ്ഞ് ഷഹലയെ നിയമിച്ചത് ചോദ്യം ചെയ്ത് ബിന്ദു നൽകിയ ഹർജിയിലാണ് വിധി.
സർവകലാശാലയിലെ സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലാണ് അസിസ്റ്റന്റ് പ്രൊഫസറായി ഷഹലയെ നിയമിച്ചത്. 2015 - 2018 കാലയളവിൽ ഹർജിക്കാരി ഇവിടെ ഇതേ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. 2018ലെ നിയമനത്തിനായി കഴിഞ്ഞ ജൂലായ് 14ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തിയെങ്കിലും റിസൾട്ട് പ്രഖ്യാപിച്ചിരുന്നില്ല. ഡിപ്പാർട്ട്മെന്റിൽ അന്വേഷിച്ചപ്പോൾ തനിക്ക് ഒന്നാം റാങ്കും ഷഹലയ്ക്ക് രണ്ടാം റാങ്കുമാണെന്ന് അറിയാൻ കഴിഞ്ഞെന്നും തന്നേക്കാൾ ഷഹലയ്ക്ക് അഞ്ചുമാർക്ക് കുറവാണെന്നും ഹർജിക്കാരി ആരോപിച്ചിരുന്നു.
ജൂലായ് 19നാണ് ബിന്ദുവിനെ തഴഞ്ഞ് ഷഹലയ്ക്ക് നിയമനം നൽകിയത്. സംവരണ ചട്ടപ്രകാരമാണ് നിയമനം എന്നായിരുന്നു വിശദീകരണം. എന്നാൽ കരാർ നിയമനങ്ങളിൽ സർവകലാശാല സംവരണ ചട്ടം പാലിക്കാറില്ലെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുമ്പോൾ സംവരണം പരിഗണിക്കരുതെന്ന് സുപ്രീംകോടതിയുടെ വിധി നിലവിലുണ്ടെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. നിയമനത്തിനു വേണ്ടിയുള്ള വിജ്ഞാപനത്തിൽ സംവരണ വിഭാഗത്തിലാണ് ഒഴിവെന്ന് പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
വിധിയിൽ സന്തോഷം
കണ്ണൂർ: നീതി ലഭിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും വിധിയിൽ സന്തോഷമുണ്ടെന്നും ബിന്ദു വ്യക്തമാക്കി. മട്ടന്നൂരിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കെ. കുഞ്ഞിക്കൃഷ്ണന്റെയും റിട്ട. അദ്ധ്യാപികയായ എം.സി പുഷ്പവല്ലിയുടെയും മകളാണ് ബിന്ദു.