കൊച്ചി / നെടുമ്പാശേരി: ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും നാമജപ പ്രതിഷേധത്തെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബി.ജെ.പി, ഹിന്ദു ഹൈക്യവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലർച്ചെ 4.45ഓടെ ഇൻഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂനെയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയത്. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ബി.ജെ.പി, ആർ.എസ്.എസ് ഹിന്ദു ഐക്യവേദി, ശബരിമല സംരക്ഷണസമിതി പ്രവർത്തകർ വിമാനത്താവളത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.സ്ഥലത്തേക്ക് കൂടുതൽ പ്രവർത്തകരെ എത്തിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് ബി.ജെ.പി. അതിനാൽ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ മണിക്കൂറുകൾ കഴിഞ്ഞിട്ടും തൃപ്തിയ്ക്കും സംഘത്തിനുമായില്ല.
തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പൊലീസ് ഒരുക്കിയിട്ടുണ്ട്.
അതേസമയം, എന്ത് വന്നാലും ശബരിമല ദർശനം നടത്തിയ ശേഷമേ കേരളത്തിൽ നിന്നും മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. രാവിലെ മാദ്ധ്യമ പ്രവർത്തകരോടാണ് ഇവർ മുൻ നിലപാട് ആവർത്തിച്ചത്. രാവിലെ തന്നെ പൊലീസ് തൃപ്തിയുമായി ചർച്ച നടത്തിയിരുന്നു. പൊലീസിനോടും ഇതേ നിലപാട് തന്നെയാണ് അറിയിച്ചത്.
പൊലീസിനോട് സഹകരിക്കാനും പൊലീസ് നിർദേശിക്കുന്ന സ്ഥലത്ത് താമസിക്കാൻ തയ്യാറാണെന്നും തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്. അവരെ ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തൃപ്തിയുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. ശബരിമല ദർശനത്തിന് പ്രത്യേക സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പൊലീസിനും കത്തയച്ചിരുന്നു. എന്നാൽ, പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം തന്നെ തൃപ്തിയെ അറിയിച്ചിരുന്നു.
തടയാൻ ആദ്യമെത്തിയത് മഹിളാ മോർച്ച പ്രവർത്തകർ
നെടുമ്പാശേരിയിൽ വന്നിറങ്ങിയ തൃപ്തി ദേശായിയെ തടയാൻ ആദ്യം എത്തിയത് അമ്പതോളം മഹിളാ മോർച്ച എറണാകുളം ജില്ലാ ഭാരവാഹികൾ. പിന്നീട് തൃപ്തിയുടെ വരവറിഞ്ഞ് കൂടുതൽ പ്രതിഷേധക്കാർ വിമാനത്താവളം പരിസരത്തേക്ക് ഒഴുകിയെത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധൻ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എൻ.കെ മോഹൻദാസ്, സെക്രട്ടറിമാരായ എം.എൻ ഗോപി, എം.എ ബ്രഹ്മരാജ്, മഹിള മോർച്ചാ ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോൻ, ജില്ലാ സെക്രട്ടറി എ.എം കമല ടീച്ചർ, മണ്ഡലം പ്രസിഡന്റുമാരായ എം.എം ഉല്ലാസ് കുമാർ, കെ.ജി ഹരിദാസ്, രൂപേഷ് പയ്യാട്ട് എന്നിവരും നേതൃത്വം നൽകി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു, സെക്രട്ടറി കെ.പി സുരേഷ്, സാബു ശാന്തി, ശശി തുരുത്ത് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
ഹെലികോപ്ടറിൽ കൊണ്ടുപോകുമോ?
പ്രതിഷേധം ഭയന്ന് മടങ്ങില്ലെന്നും എന്തുവന്നാലും ശബരിമലയിൽ പോകണമെന്നും തൃപ്തി ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ ഹെലികോപ്ടറിൽ ഇവരെ നിലയ്ക്കലിൽ എത്തിക്കാൻ പൊലീസ് ശ്രമിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, നിലയ്ക്കലിലും കനത്ത പ്രതിഷേധം ഉണ്ടാകുമെന്നതിനാൽ അതിന് പൊലീസ് തയ്യാറാവില്ലെന്നും പറയപ്പെടുന്നു. ഇക്കാര്യമൊന്നും പക്ഷേ, പൊലീസ് സ്ഥിരീകരിക്കുന്നില്ല.
അറസ്റ്റ് ചെയ്ത് മടക്കി അയച്ചേക്കും
അതേസമയം, മറ്റൊരു നീക്കം കൂടി പൊലീസ് നടത്തുന്നുണ്ടെന്ന് സൂചന. വിമാനത്താവളത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ കാര്യങ്ങൾ നീളുന്നതിനാൽ തൃപ്തിയെ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്രസേന അറസ്റ്റ് ചെയ്ത് മടക്കി അയയ്ക്കുമെന്നും പറയപ്പെടുന്നു. തൃപ്തിയുടെ വരവും പ്രതിഷേധവും വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും തടസപ്പെടുത്തുന്നുണ്ട്. മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യം പൊലീസ് ആലോചിക്കുന്നത്രേ.