കൊച്ചി:വിമാനത്താവളത്തിൽ തൃപ്തിയെ കാണാൻ മാദ്ധ്യമപ്രവർത്തകർ ശ്രമിച്ചെങ്കിലും നടന്നില്ല. തനിക്ക് പറയാനുള്ളത് വീഡിയോയിലാക്കി മാദ്ധ്യമങ്ങൾക്ക് നൽകുകയായിരുന്നു തൃപ്തി. ഹിന്ദിയിലായിരുന്ന സന്ദേശത്തിൽ നിന്ന്:
'രാവിലെ നാലരയോടെ ഞങ്ങൾ വിമാനത്താവളത്തിൽ എത്തുമ്പോൾ പ്രതിഷേധക്കാർ പുറത്തുണ്ടായിരുന്നു. മൂന്ന്-നാല് ടാക്‌സികൾ ബുക്ക് ചെയ്‌തെങ്കിലും ടാക്‌സി തല്ലി തകർത്ത് ഞങ്ങളെ ആക്രമിക്കുമെന്ന് പ്രതിഷേധക്കാർ അവരോട് പറഞ്ഞു. തുടർന്ന് ടാക്‌സിക്കാർ വന്നില്ല. കൂടുതൽ പ്രതിഷേധക്കാർ എത്തി പുറത്ത് വലിയ ക്രമസമാധാനപ്രശ്‌നം ഉണ്ടായി. പ്രതിഷേധം അടങ്ങിയാലേ പുറത്തിറങ്ങാൻ പറ്റൂ എന്ന് പൊലീസ് പറഞ്ഞു. മറ്റൊരു വാതിലിലൂടെ ഞങ്ങളെ പുറത്തുകടത്താൻ പൊലീസ് ശ്രമിച്ചെങ്കിലും അവിടെയും പ്രതിഷേധക്കാരായിരുന്നു. അവർ ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു. അതിനുശേഷം ഞങ്ങൾ വിമാനത്താവളത്തിൽ തന്നെയാണ്. പുറത്തിറങ്ങിയാൽ ആക്രമണമുണ്ടാകാനും പരിക്കേൽക്കാനും സാദ്ധ്യതയുണ്ട്. നിലയ്ക്കലിൽ എത്തിയാൽ ശബരിമല ദർശനം നടത്തിയേ ഞങ്ങൾ തിരിച്ചുപോകൂ എന്ന് പ്രതിഷേധക്കാർക്ക് പേടിയുണ്ട്. ഞങ്ങളെന്തായാലും തിരികെ പോവില്ല. നാളെ രാവിലെ ദർശനത്തിന് പോകും. സർക്കാരിനോട് പറയാനുള്ളത് ഇതാണ്. ദർശനം നടത്താതെ ഞങ്ങൾ മഹാരാഷ്ട്രയിലേക്ക് തിരികെ പോകില്ല. സ്ത്രീകളെ എയർപോർട്ടിൽ ബന്ദിയാക്കി ഗുണ്ടായിസം കാണിക്കുന്നത് തെറ്റാണ്. ഞങ്ങളും ഭഗവാന്റെ ഭക്തകളാണ്.